CrimeNews

ദിയ കൃഷ്ണയുടെ 66 ലക്ഷം തട്ടിയതായി കണ്ടെത്തൽ; ജീവനക്കാരികൾക്ക് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: ഇൻഫ്ലുവൻസറും നടൻ ജി. കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. സ്ഥാപനത്തിലെ മൂന്ന് വനിതാ ജീവനക്കാരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് ക്യുആർ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചപ്പോഴാണ് ഈ വിവരം വ്യക്തമായത്. ചോദ്യം ചെയ്യലിനായി മൂന്നുപേർക്കും മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

എന്നാൽ, ജീവനക്കാരികൾ മൂന്നുപേരും ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന. തിങ്കളാഴ്ച രാത്രി ഇവരുടെ വീടുകളിൽ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവർ ഉടൻ സ്റ്റേഷനിൽ ഹാജരാകുമെന്ന് ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറഞ്ഞു.

നികുതി വെട്ടിക്കാൻ, മൊഴികളിൽ ദുരൂഹത

അതേസമയം, നികുതി വെട്ടിക്കുന്നതിനായി ദിയയുടെ നിർദ്ദേശപ്രകാരമാണ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും, ഈ തുക പിന്നീട് പിൻവലിച്ച് ദിയയ്ക്ക് കൈമാറിയെന്നുമാണ് ജീവനക്കാരികൾ നേരത്തെ നൽകിയ മൊഴി. എന്നാൽ, ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്കും പണം അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, സ്ഥാപനത്തിലെ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിനായി ദിയയുടെ ഓഡിറ്ററോടും ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച

ഈ കേസിന് സമാന്തരമായി, തന്നെയും അച്ഛൻ കൃഷ്ണകുമാറിനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്ന് ആരോപിച്ച് ജീവനക്കാരികൾ നൽകിയ പരാതിയിൽ പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ദിയയും കൃഷ്ണകുമാറും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ കേസിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.