CinemaNews

ഞങ്ങള്‍ നടത്തിയത് ഒരു ശരിയായ പോരാട്ടമായിരുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ WCC

മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതില്‍ സന്തോഷം രേഖപ്പെടുത്തി വുമണ്‍ ഇൻ സിനിമ കളക്ടീവ് (WCC). തങ്ങളുടെ പോരാട്ടം ശരിയായ പാതയിലായിരുന്നുവെന്നും സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിംഗഭേദം സിനിമയില്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നമുക്കുണ്ടാകുന്നതെന്നും ഡബ്ല്യുസിസി സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്

ആകാശം നിറയെ ദുരൂഹതയാണ്; തിളങ്ങുന്ന നക്ഷത്രങ്ങള്‍, മനോഹരമായ ചന്ദ്രന്‍. എന്നാല്‍ ശാസ്ത്രീയാന്വേഷണത്തില്‍ വെളിപ്പെട്ടത്, താരങ്ങള്‍ക്ക് തിളക്കമില്ലെന്നും ചന്ദ്രന് അത്ര മനോഹാരിതയില്ലെന്നുമാണ്. അതുകൊണ്ടു തന്നെ, ജാഗരൂകരാകുക നിങ്ങള്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്- ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.

ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ യാത്രയായിരുന്നു. എല്ലാ സ്ത്രീകള്‍ക്കും അവരുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് ജോലി ചെയ്യാന്‍ ഒരു പ്രൊഫഷണല്‍ ഇടം സിനിമയിലുണ്ടാക്കുക എന്ന ലക്ഷ്യവുമായി ഞങ്ങള്‍ നടത്തിയ പോരാട്ടം ഒരു ശരിയായ പോരാട്ടമായിരുന്നു. ഇന്ന് അതിനെ നീതീകരിച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വരിക എന്നത് ഡബ്ല്യൂ.സി.സി എടുത്ത മറ്റൊരു ചുവടാണ്. സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലിംഗഭേദം സിനിമയില്‍ എത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് നമുക്കുണ്ടാകുന്നത്. ഈ റിപ്പോര്‍ട്ടിന് വേണ്ടി മണിക്കൂറുകള്‍ മാറ്റി വച്ച ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദാ, ഡോ. വസന്തകുമാരി എന്നിവര്‍ക്ക് നന്ദി പറയുന്നു.

മാധ്യമങ്ങള്‍ക്കും വനിതാ കമ്മീഷനും കേരളത്തിലെ ജനങ്ങള്‍ക്കും വനിതാ സംഘടനകള്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഡബ്ല്യൂ.സി.സി നന്ദി പറയുന്നു.

ഹേമാ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, നമ്മള്‍ എല്ലാവരും അത് കേള്‍ക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *