
KSRTC കടം: ഉമ്മൻ ചാണ്ടി പോകുമ്പോൾ 4247 കോടി; പിണറായി വന്നപ്പോൾ 16206 കോടി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാകുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് 4247.95 കോടിയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 2024 ഡിസംബർ മാസത്തെ കണക്കനുസരിച്ച് കെ.എസ്.ആർ.ടി.സിയുടെ കട ബാധ്യത 16206.01 കോടിയായി ഉയർന്നുവെന്നും ഗണേഷ്‌കുമാർ നിയമസഭയിൽ വ്യക്തമാക്കി.
എം. വിൻസെന്റ് എം.എല്‍.എയുടെ ചോദ്യത്തിനായിരുന്നു ഗണേഷ്‌കുമാറിന്റെ മറുപടി. ഉമ്മൻ ചാണ്ടിയുടെ കാലത്തേക്കാൾ 4 ഇരട്ടിയായി കെ.എസ്.ആർ.ടി.സിയുടെ കട ബാധ്യത ഉയർന്നു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. പിണറായി സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി തകർന്നു എന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് ഈ കണക്കുകൾ.

ശമ്പളം കിട്ടാൻ സമരം ചെയ്തവരുടെ ശമ്പളം വൈകിപ്പിക്കും
മാസാദ്യം ശമ്പളം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരോട് പ്രതികാര നടപടിയുമായി കെ.എസ്.ആർ.ടി.സി. പണിമുടക്കിയവരുടെ ഫെബ്രുവരി മാസത്തിലെ ശമ്പളം വൈകിപ്പിക്കാൻ യൂണിറ്റ് അധികാരികൾക്ക് നിർദേശം നൽകി. പണിമുടക്ക് ദിവസത്തെ ഡയസ്നോണിന് പുറമെയാണ് ഒരുമാസത്തെ ശമ്പളം ഒന്നാകെ വൈകിപ്പിക്കുന്നത്. ചീഫ് അക്കൗണ്ട് ഓഫീസറുടെ മെമ്മോറാണ്ടത്തിന്‍റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം വൈകിയതോടെയാണ് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം ആവശ്യപ്പെട്ട് കോൺഗ്രസ് അനുകൂല സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിയത്. പണിമുടക്കിനെ നേരിടാൽ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നു. ഇത് കൊണ്ടുമാത്രം പണിമുടക്കിയവർക്കെതിരായ പ്രതികാരം കെ.എസ്.ആർ.ടിസി അവസാനിപ്പിക്കുന്നില്ല. പണിമുടക്കിയവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ചീഫ് അക്കൗണ്ട് ഓഫീസറുടെ നിർദ്ദേശം. സ്പാർക്ക് സെല്ലിന്‍റെ അനുമതി ലഭിച്ച ശേഷമേ പണിമുടക്കിയവരുടെ ശമ്പളം അനുവദിക്കാവൂ എന്നും യൂണിറ്റ് അധികാരികൾക്കും സോണൽ മേധാവികൾക്കും രേഖാമൂലം നിർദ്ദേശം നൽകി. ഇതോടെ പണിമുടക്കിയവരുടെ ശമ്പളം വൈകും.