KeralaNews

അപൂര്‍വരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും സുരേഷ് ഗോപി അപമാനിച്ചെന്ന്

ഗുരുവായൂർ: അപൂർവരോഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെയും കുഞ്ഞിനെയും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമാനിച്ചതായി ആരോപണം.

കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധുവാണ് സുരേഷ് ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർത്ഥിച്ചത്. എന്നാൽ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്റ‌റെ പോയി കാണാനായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടിയെന്നാണ് ആരോപണം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ സുരേഷ് ഗോപിയേയും സംഘത്തെയും കണ്ടപ്പോള്‍ രണ്ടു വയസുള്ള മകന്‍ അശ്വിനേയും എടുത്ത് ചെന്ന് സഹായം ചോദിക്കുകയായിരുന്നു. മാസ്റ്റോസൈറ്റോസിസ് എന്ന അപൂര്‍വ രോഗത്തിന് ചികിത്സയിലാണ് അശ്വിന്‍. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്.

ചികിത്സയ്ക്കായി സഹായം അഭ്യര്‍ഥിച്ചപ്പോള്‍ പരിഹസിക്കുന്ന രീതിയില്‍ ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. ഗോവിന്ദന്‍ മാസ്റ്ററെ പോയി കാണാന്‍ പറഞ്ഞപ്പോള്‍ കളിയാക്കിയതാണെന്ന് മനസിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദന്‍ മാസ്റ്ററെന്ന് സിന്ധു തിരക്കി.

പിന്നീട് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസിലാക്കിയത്. ഇതോടെ ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് കൈക്കുഞ്ഞുമായി സിന്ധു കരഞ്ഞു. പിന്നീട് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നവരാണ് സിന്ധുവിനെ സമാധാനിപ്പിച്ചത്. തമിഴ്‌നാട് സ്വദേശിനിയായ സിന്ധു കോടീശ്വരന്‍ സ്ഥിരമായി കാണുക വഴിയാണ് സുരേഷ് ഗോപിയെ അറിയുന്നത്.

കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

അപൂര്‍വ രോഗം ബാധിച്ച 2 വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *