നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടനും സിനിമ നിർമ്മാതാവുമായ മണിയൻ പിള്ള രാജു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് സദസ്സില്‍ നിന്ന് ഉയർന്ന ചോദ്യത്തിന് സുധീർ കുമാർ എന്ന മണിയൻ പിള്ള രാജുവിന്റെ മറുപടി.

സുരേഷ് ഗോപിയും മണിയൻ പിള്ള രാജുവും ഒന്നിച്ച് പോലീസ് വേഷത്തില്‍ അഭിനയിച്ചാല്‍ ക്ലൈമാക്സിന് മുമ്പ് തന്നെ മണിയൻ പിള്ളയുടെ കഥാപാത്രം കൊല്ലപ്പെടും, ഇതെന്തുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. സ്വതസിദ്ധനര്‍മത്തില്‍ രാജു മറുപടി പറഞ്ഞു: ‘എന്റെ അഭിനയം മോശമായതുകൊണ്ട് വേഗം തട്ടിക്കളയുന്നതായിരിക്കും.’

ചിരി പടരുന്നതിനിടയില്‍ രാജു ഒരു കഥയിലേക്ക് കടന്നു. ‘ഒരിക്കല്‍ കൊല്ലത്ത് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മദിരാശിക്ക് പോകണം. എനിക്ക് സമയത്തിന് ഭക്ഷണം കഴിച്ചില്ലെങ്കില്‍ പ്രശ്നമാണ്. അന്ന് സീനെടുത്ത് തീര്‍ന്ന് ഒന്നും കഴിക്കാതെ ഇവരെന്നെ ട്രെയിന്‍ കയറ്റി വിട്ടു. ഞാന്‍ ആകെ പരവശനായി വണ്ടിയില്‍ ഇരിക്കുമ്പോ ഒരു ചെറുപ്പക്കാരന്‍ വന്നു ചോദിച്ചു: ‘എന്താ വല്ലാതിരിക്കുന്നത്?’
ഞാന്‍ പറഞ്ഞു: ‘ഭക്ഷണം കഴിച്ചിട്ടില്ല. അതാണ്.’

അപ്പോള്‍ അയാളൊരു പൊതിയെടുത്ത് നീട്ടി. ‘അമ്മ എനിക്ക് രാത്രി കഴിക്കാന്‍ തന്നുവിട്ടതാണ് ഇത് കഴിക്ക്.’ പൊതി തുറന്ന് നോക്കി. നല്ല മട്ടണ്‍ ഫ്രൈയും ചപ്പാത്തിയും. ഞാനത് കഴിച്ചു. അയാളിങ്ങനെ നോക്കുന്നുണ്ടായിരുന്നു. ഒരെണ്ണം ബാക്കി വെക്കുമോ എന്ന് വിചാരിച്ചു കാണും. ഞാന്‍ ഫുള്‍ ഫിനിഷാക്കി. വിശപ്പടങ്ങിയപ്പോ ചോദിച്ചു: ‘നിങ്ങളെങ്ങോട്ടാ?

‘ഞാന്‍ മദ്രാസിന്.’
‘എന്തു ചെയ്യുന്നു?’
‘സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ചാന്‍സ് തേടി പോവുകയാണ്.’
‘എന്താ പേര്.?
‘സുരേഷ്ഗോപി.’
ആ സുരേഷ് ഗോപിയാണ് എന്നെ കൊല്ലുന്നത് അല്ലെ….

ചിരിയും കൈയടിയും നിറഞ്ഞ നിമിഷങ്ങള്‍ ‘നിശാഗന്ധി’യെ പഴയ മദിരാശിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി.

അക്ഷരോത്സവത്തില്‍ ‘ആ മദിരാശിക്കാലത്ത്’ എന്ന വിഷയത്തില്‍ ഞായറാഴ്ച നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു മണിയന്‍ പിള്ള രാജു.