
സഞ്ജു മികച്ച ഫോമിൽ: ടീമിൽ ഉൾപ്പെടുത്തണമെന്ന് മുതിർന്ന താരം
മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജ്‌രേക്കർ. സഞ്ജു സാംസൺ കരിയറിലെ മികച്ച ഫോമിലാണ്. താരത്തിന് ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശിവം ദുബെയെ ബൗളിങ്ങിന് ഉപയോഗിക്കുന്നില്ലെങ്കിൽ, ആ സ്ഥാനത്ത് ഇറങ്ങാൻ സഞ്ജുവിന് അവസരം നൽകണമെന്നും ചാനൽ ചർച്ചയിൽ മഞ്ജ്‌രേക്കർ പറഞ്ഞു. “ഇന്ത്യൻ ടീമിന് അന്താരാഷ്ട്രതലത്തിൽ അദ്ദേഹത്തെ കളിപ്പിക്കാവുന്ന ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോഴുള്ളത്” മഞ്ജ്‌രേക്കർ കൂട്ടിച്ചേർത്തു . സിംബാവയുടെ മുൻ താരം ആൻഡി ഫ്ലവറും മഞ്ജ്‌രേക്കറുടെ നിരീക്ഷണത്തെ പിന്തുണച്ചു.

“ബാറ്റിങ്ങിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ മറ്റു ഘടകങ്ങളും പരിഗണിക്കണം. ബൗളർമാരെ നേരിടാൻ കൂടുതൽ ശേഷിയുള്ള ബാറ്ററെ ഇലവനിൽ ഉൾപ്പെടുത്തണം. ദുബെ സ്പിന്നിനെതിരെ നന്നായി കളിക്കുന്നയാളാണ്. പക്ഷെ സഞ്ജുവിന്റെ സ്കിൽ സെറ്റ് കൂടുതൽ മികച്ചതാണ്. ലേറ്റ് ഷോട്ടുകളും പുൾ ഷോട്ടുകളും കളിക്കാനുമുള്ള സ്കിൽ സഞ്ജുവിനുണ്ട്. ടൈമിങ്ങും മനോഹരമാണ്. പാകിസ്താനെതിരെ കളിപ്പിക്കാൻ കൂടുതൽ യോഗ്യനായ താരം സഞ്ജുവാണ്” -ആൻഡി ഫ്ലവർ പറഞ്ഞു.
ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലദേശിനെതിരെ സഞ്ജു കളിച്ചിരുന്നു. രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത താരത്തിനു പക്ഷേ മികച്ച സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. ആറു പന്തുകളിൽ ഒരു റൺസ് മാത്രം നേടി സഞ്ജു പുറത്തായി.
ഇതോടെ അയർലൻഡിനെതിരായ മത്സരത്തിൽ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് കാപ്റ്റനായ സഞ്ജു, 15 മത്സരങ്ങളിൽനിന്ന് 531 റൺസാണ് സ്വന്തമാക്കിയത്. ലോകകപ്പിൽ ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്താനാണ് എതിരാളികൾ.