
കൊല്ലം: എംഡിഎംഎയുമായി ഇന്നലെ പിടിയിലായ അനില രവീന്ദ്രനിൽ നിന്ന് വീണ്ടും ലഹരി വസ്തു കണ്ടെത്തി. സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎ, വൈദ്യപരിശോധനയിലാണ് കണ്ടെത്തിയത്. ഇടവട്ടം സായിപംവീട്ടിൽ പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനിലാ രവീന്ദ്രനെ(34)യാണ് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി വെള്ളിയാഴ്ച പിടികൂടിയത്. 50 ഗ്രാം എംഡിഎംഎയായിരുന്നു ഇവരുടെ കാറിൽനിന്ന് പോലീസ് പിടിച്ചെടുത്തത്. തുടർന്നാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്.
ഇന്നലെ പിടിച്ചെടുത്ത ലഹരിമരുന്നിന് മൂന്ന് ലക്ഷം രൂപയാണ് കണക്കാക്കപ്പെടുന്നത്. കർണാടകയിൽനിന്ന് കൊല്ലം നഗരത്തിലെ സ്‌കൂൾ കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നഗര പരിധിയിൽ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാർ കാണ്ടെങ്കിലും പോലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയി. പിന്നീട് ആൽത്തറമൂട്ടിൽ ശക്തികുളങ്ങര പോലീസ് സ്‌റ്റേഷന് സമീപത്ത് പോലീസ് വാഹനം ഉപയോഗിച്ച് കാർ തടഞ്ഞിടുകയായിരുന്നു. അങ്ങനെയാണ് പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടത്.
ബൈംഗളൂരുവിൽനിന്ന് സ്വന്തം കാറിൽ ഒളിപ്പിച്ച് കടത്തുന്ന എംഡിഎംഎ ആവശ്യക്കാർക്ക് എത്തിച്ചുനൽകാറാണ് പതിവ്. നേരത്തേ 2021-ൽ കാക്കനാട് അപ്പാർട്‌മെന്റിൽനിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും എൽഎസ്ഡി സ്റ്റാംപുകളുമായി പിടിയിലായ കേസിൽ പ്രതിയാണ് ഇവർ.
വെള്ളിയാഴ്ച രാവിലെ മുതൽതന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. സിറ്റി പോലീസ് പരിധിയിൽ ഈമാസം മാത്രം വാണിജ്യ അളവിൽ എംഡിഎംഎ പിടികൂടുന്ന നാലാമത്തെ കേസാണിത്.