
റായ്പൂർ: യോഗാ ആശ്രമത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സ്വയംപ്രഖ്യാപിത ‘യോഗാ ഗുരു’ ഛത്തീസ്ഗഡിൽ അറസ്റ്റിൽ. രാജ്‌നന്ദ്ഗാവ് ജില്ലയിലെ ദോംഗർഗഡിൽ ആശ്രമം നടത്തിയിരുന്ന തരുൺ ക്രാന്തി അഗർവാൾ എന്ന സോനുവിനെയാണ് (45) ഏകദേശം 2 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്തവർക്കും വിനോദസഞ്ചാരികൾക്കും ആശ്രമത്തിൽ ലഹരിവസ്തുക്കൾ നൽകുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
‘ക്രാന്തി യോഗ’യുടെ മറവിൽ
ദോംഗർഗഡ് സ്വദേശിയായ തരുൺ, രണ്ട് പതിറ്റാണ്ട് മുൻപാണ് നാടുവിട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഗോവയിൽ ‘ദി ക്രാന്തിസ്’ എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു. ഇവിടെ വിദേശികൾ ഉൾപ്പെടെ നിരവധി പേർക്ക് ‘ക്രാന്തി യോഗ’ എന്ന പേരിൽ യോഗാ പരിശീലനവും നൽകിയിരുന്നു.

അടുത്തിടെ നാട്ടിൽ തിരിച്ചെത്തിയ ഇയാൾ, പ്രശസ്തമായ ദോംഗർഗഡ് ക്ഷേത്രത്തിന് സമീപം പ്രഗ്യ ഗിരി കുന്നുകൾക്കടുത്ത് അഞ്ച് ഏക്കർ ഭൂമി വാങ്ങി ആശ്രമം പണി തുടങ്ങി. എന്നാൽ, ആശ്രമത്തിൽ അനാശാസ്യ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും നടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ചില യുവാക്കൾ കത്തികളുമായി ആശ്രമത്തിൽ തങ്ങുന്നുണ്ടെന്നും പരാതിയുണ്ടായിരുന്നു.
പോലീസ് നടപടി
ജൂൺ 25-ന് പോലീസ് ആശ്രമത്തിൽ നടത്തിയ റെയ്ഡിലാണ് 1.993 കിലോ കഞ്ചാവ് പിടികൂടിയത്. ഇയാൾ ആശ്രമത്തിൽ വെച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി സംശയിക്കുന്നതായി രാജ്‌നന്ദ്ഗാവ് എസ്പി മോഹിത് ഗാർഗ് പറഞ്ഞു. എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
താൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും 10 എൻജിഒകൾ നടത്തുന്നുണ്ടെന്നും ഇയാൾ പോലീസിനോട് അവകാശപ്പെട്ടിട്ടുണ്ട്. ഇയാളുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുമെന്നും എൻജിഒകളുടെ പ്രവർത്തനം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.