
എന്തുകൊണ്ടാണ് ഇതിന് മുൻപുള്ള തിരഞ്ഞെടുപ്പുകളിൽ സി.പി.എം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരുന്നത്? ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
നെടുമ്പാശേരി: ഇന്ന് രാവിലെ പതിനൊന്നു വരെ ഏതെങ്കിലും യു.ഡി.എഫുകാരനെ സ്ഥാനാർത്ഥിയാക്കാൻ പറ്റുമോയെന്ന് കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സി.പി.എം ഒരു പാർട്ടി സ്ഥാനാർത്ഥിയെ നിർത്തിയതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ ഭരണം നിലമ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ വിചാരണ ചെയ്യും. 9 വർഷത്തെ ദുർഭരണത്തിന്റെ ഇരകളായി മാറിയ മനുഷ്യർക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ വിചാരണ ഈ തിരഞ്ഞെടുപ്പിൽ അവിടെ നടക്കുക തന്നെ ചെയ്യും. 2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂരിലെ ജനങ്ങളോട് മാത്രമല്ല, കേരളത്തിലെ മുഴുവൻ ജനങ്ങളോടും സർക്കാരിന്റെ ദുഷ്ചെയ്തികൾ പറയാൻ കിട്ടിയ അവസരമാണ് ഉപതിരഞ്ഞെടുപ്പ്. തൃക്കാക്കരയിലെയും പാലക്കാട്ടെയും പരീക്ഷണം വഴിയിൽ ഉപേക്ഷിച്ച് സി.പി.എം സ്ഥാനാർത്ഥി മത്സരിക്കാൻ തയാറായതിൽ സന്തോഷിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
യു.ഡി.എഫ് തിരഞ്ഞെടുപ്പിന് സജ്ജരാണ്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. പുതുതായി ചേർത്ത പതിനായിരം വോട്ടിൽ എണ്ണായിരത്തിൽ അധികവും ചേർത്തത് യു.ഡി.എഫാണ്. 263 ബൂത്ത് കമ്മിറ്റികളും സജ്ജമാണ്. പാർട്ടി സ്ഥാനാർത്ഥി അവിടെ വന്നാൽ ഞങ്ങൾ ഭയപ്പെടണമെങ്കിൽ എന്തുകൊണ്ടാണ് ഇതിന് മുൻപുള്ള തിരഞ്ഞെടുപ്പുകളിൽ ഇവർ പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാതിരുന്നത്? ഈ ചോദ്യം ലളിതമാണ്. നിവൃത്തികേട് കൊണ്ടാണ് പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത്. പാലക്കാട് പോലെ ആരെയെങ്കിലും കിട്ടുമോയെന്ന് ഇന്നും അവർ ശ്രമിച്ചതാണ്. അവർ ആരെയാണ് അന്വേഷിച്ചതെന്ന് പറഞ്ഞ് അവരുടെ വിശ്വാസ്യത ഇല്ലാതാക്കാൻ ഉദ്ദേശിക്കുന്നില്ല. സി.പി.എം ആരെയൊക്കെ സമീപിച്ചിട്ടുണ്ടോ, അവരൊക്കെ എന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ന് പതിനൊന്നു മണിക്ക് മുൻപ് വിവരം കൊടുക്കണമെന്നാണ് ഒരാളോട് ആവശ്യപ്പെട്ടത്. ഇപ്പോൾ രാഷ്ട്രീയ പോരാട്ടമെന്നു പറഞ്ഞ് വെല്ലുവിളിക്കുന്നവരാണ് ഇതൊക്കെ ചെയ്തത്. ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ആരെയെങ്കിലും കിട്ടുമോയെന്ന് ഇന്ന് രാവിലെ 11 മണിവരെ ശ്രമിച്ചവർ വലിയ രാഷ്ട്രീയ പോരാട്ടത്തെ കുറിച്ചൊന്നും ഞങ്ങളോട് പറയരുത് – പ്രതിപക്ഷ നേതാവ് നെടുമ്പാശേരിയിൽ മാധ്യമപ്രവർത്തരോടായി പറഞ്ഞു.