News

അമിത് ഷായ്‌ക്കെതിരായ അപകീർത്തി കേസ്: രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

റാഞ്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. ഈ മാസം 26-ന് രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

2018-ൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വെച്ച്, ‘കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് പോലും ബി.ജെ.പി അധ്യക്ഷനാകാം’ എന്ന് അമിത് ഷായെ ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. ഈ പരാമർശത്തിനെതിരെ 2018 ജൂലൈയിൽ ജാർഖണ്ഡിലെ ബി.ജെ.പി പ്രവർത്തകനായ പ്രതാപ് കത്യാറാണ് ചൈബസ കോടതിയിൽ അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

കേസിൽ തുടർച്ചയായി സമൻസുകൾ അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി നേരത്തെ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി കഴിഞ്ഞ വർഷം ജാർഖണ്ഡ് ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ചൈബസ കോടതിയെ സമീപിച്ചത്.

എന്നാൽ, രാഹുലിന്റെ ഈ ആവശ്യം കോടതി തള്ളി. നേരിട്ട് ഹാജരാകാനുള്ള നിർദേശം പാലിക്കാത്തതിനാലും ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകാനാവില്ലെന്ന് വ്യക്തമാക്കിയുമാണ് കോടതി ഇപ്പോൾ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.