
മന്ത്രി മത്സരിക്കാന്‍ പോയതോടെ പട്ടിക ജാതി, പട്ടിക വർഗ്ഗക്കാർക്ക് നഷ്ടപ്പെട്ടത് 700 കോടി
കെ. രാധാകൃഷ്ണൻ സ്ഥാനാർത്ഥിയായിട്ടും ചുമതല കൈമാറിയില്ല!
തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽ മൽസരിക്കാൻ പോയതോടെ അനാഥമായി പട്ടികജാതി പട്ടികവർഗ്ഗ , പിന്നോക്ക വികസന വകുപ്പുകൾ. രാധാകൃഷ്ണൻ ആലത്തൂരിലേക്ക് പോയെങ്കിലും വകുപ്പിൻ്റെ ചുമതല ആർക്കും കൊടുത്തിരുന്നില്ല. വകുപ്പുകളുടെ ചാർജ് സ്വയം ഏറ്റെടുക്കാനോ, മറ്റ് മന്ത്രിമാർക്ക് നൽകാനോ മുഖ്യമന്ത്രി തയ്യാറായതും ഇല്ല.
മൽസരിക്കാൻ യാതൊരു താൽപര്യവും ഇല്ലാതിരുന്ന രാധാകൃഷ്ണനെ പിണറായി നിർബന്ധിച്ച് ആലത്തൂരിലേക്ക് വിട്ടതോടെ ഇതിൻ്റെ ദുരിതം അനുഭവിച്ചത് പാവപ്പെട്ട പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വിഭാഗക്കാർ ആയിരുന്നു.
രാധാകൃഷ്ണൻ സെക്രട്ടറിയേറ്റ് വിട്ടതോടെ രാധാകൃഷ്ണൻ്റെ ഓഫിസിൽ ഫയൽ കുന്നു കൂടിയിരിക്കുകയാണ്. മന്ത്രി കാണേണ്ട ഫയലുകൾ ആലത്തൂരിലെ തിരക്ക് മൂലം രാധാകൃഷ്ണന് നോക്കാൻ പറ്റാതായതോടെയാണ് ഫയൽ കുന്ന് കൂടിയത്.
സാമ്പത്തിക വർഷത്തിൻ്റെ അവസാന മാസമായ മാർച്ചിൽ രാധാകൃഷ്ണൻ സെക്രട്ടറിയേറ്റിൽ ഇല്ലാതിരുന്നത് മൂലം പദ്ധതി തുക ചെലവഴിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായത്. സാധാരണ ഗതിയിൽ പദ്ധതി തുക ചെലവഴിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന വകുപ്പുകളാണ് പട്ടിക ജാതി, പട്ടി വർഗ്ഗ വകുപ്പുകൾ. എന്നാല്‍, ഇപ്പോള്‍ പട്ടിക ജാതി വകുപ്പിൻ്റെ 1283.06 കോടി പദ്ധതിയിൽ ചെലവാക്കിയത് 69 ശതമാനം മാത്രമാണ് എന്ന് പ്ലാനിംഗ് ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു.

688.63 കോടിയുടെ പട്ടിക വർഗ്ഗ വകുപ്പിൻ്റെ പദ്ധതികളിൽ ചെലവാക്കിയത് 51 ശതമാനവും. മന്ത്രിമാർ എം.പി സീറ്റിലേക്ക് മൽസരിക്കുന്നതിൽ തെറ്റില്ലെങ്കിലും അതുകാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടികളെക്കുറിച്ചും ഓർക്കേണ്ടതാണ്.

വകുപ്പുകളുടെ ചുമതല താൽക്കാലികമായി പോലും മാറാതെ കസേരയിൽ അള്ളിപ്പിടിച്ച് ആലത്തൂർ മൽസരിക്കാൻ കെ. രാധാകൃഷ്ണൻ പോയത് മൂലം പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നോക്ക വിഭാഗക്കാരുടെ 50 ശതമാനം പദ്ധതികളും പാഴായത് ഗുരുതര വീഴ്ച്ചയാണ്. അർഹമായ 700 കോടിയോളം രൂപയാണ് ഇതു മൂലം പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് നഷ്ടമായത്.