NewsPolitics

മോദി സ്തുതി: തരൂരിനെ അവഗണിച്ച് നിർത്താൻ കോൺഗ്രസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടർച്ചയായി പുകഴ്ത്തുന്നതിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ, വർക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ പൂർണ്ണമായി അവഗണിച്ച് നിർത്താൻ കോൺഗ്രസിൽ ധാരണ. തരൂരിന്റെ ലേഖനങ്ങൾക്കോ പരാമർശങ്ങൾക്കോ യാതൊരു പ്രതികരണവും നൽകേണ്ടതില്ലെന്നും, അദ്ദേഹവുമായി ഒരു ചർച്ചയ്ക്കും ഇനി മുതിരേണ്ടതില്ലെന്നുമാണ് ഹൈക്കമാൻഡ് ഉൾപ്പെടെയുള്ള നേതാക്കൾക്കിടയിലെ തീരുമാനം.

അതിരുവിട്ട പുകഴ്ത്തൽ

‘ഓപ്പറേഷൻ സിന്ദൂർ’ വിശദീകരിക്കാനായി നടത്തിയ വിദേശ പര്യടനത്തിന് ശേഷം തരൂർ എഴുതിയ ലേഖനത്തിലെ മോദി സ്തുതിയാണ് കോൺഗ്രസിനെ ഏറ്റവുമൊടുവിൽ ചൊടിപ്പിച്ചത്. “മോദിയുടെ ഊർജ്ജം, ചലനാത്മകത, എല്ലാവരുമായി ഇടപഴകാനുള്ള സന്നദ്ധത എന്നിവ ലോകവേദികളിൽ ഇന്ത്യയുടെ മുതൽക്കൂട്ട്” ആണെന്നും, ഇതിന് അദ്ദേഹം മികച്ച പിന്തുണ അർഹിക്കുന്നുണ്ടെന്നുമായിരുന്നു തരൂരിന്റെ വാക്കുകൾ. ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായി.

അവഗണനയ്ക്ക് പിന്നിലെ തന്ത്രം

പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് നാല് തവണ എംപിയായതെന്ന കാര്യം മറന്നാണ് തരൂരിന്റെ പ്രവർത്തനങ്ങളെന്ന് നേതാക്കൾക്കിടയിൽ ശക്തമായ വിമർശനമുണ്ട്. അദ്ദേഹം സ്വയം പാർട്ടിക്കും മുകളിലാണെന്ന് കരുതുന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്ക് ദോഷകരമായ രീതിയിൽ പ്രതികരണം നടത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് അദ്ദേഹത്തിന് ‘രക്തസാക്ഷി’ പരിവേഷം നൽകാൻ കോൺഗ്രസ് തയ്യാറല്ല. അത്തരമൊരു നടപടി അദ്ദേഹത്തിന്റെ ബിജെപി പ്രവേശനത്തിന് വഴിയൊരുക്കുമെന്ന് പാർട്ടി കരുതുന്നു.

ഈ സാധ്യത മുൻകൂട്ടി കണ്ടാണ് പൂർണ്ണമായ അവഗണന എന്ന തന്ത്രം പയറ്റുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നേരത്തെ തന്നെ തരൂരിനെ പാർട്ടി പരിപാടികളിൽ നിന്ന് അകറ്റിനിർത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് കൂടി ഈ തീരുമാനത്തിലേക്ക് എത്തിയതോടെ തരൂർ പാർട്ടിയിൽ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.