Cinema

മാധ്യമങ്ങള്‍ വേട്ടയാടുന്നു; കുറിപ്പ് പങ്കുവെച്ച് നവ്യനായര്‍

തനിക്കെതിരെയുള്ള മാധ്യമവേട്ടക്കെതിരെ പ്രതികരണവുമായി നവ്യനായര്‍. നടിക്ക് പിന്തുണ അറിയിച്ചു കൊണ്ട് ആരാധകരില്‍ ഒരാള്‍ ഷെയര്‍ ചെയ്ത സ്റ്റോറി ഇന്‍സ്റ്റഗ്രാമിലൂടെ നവ്യ നായര്‍ പങ്കുവച്ചു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നടി നവ്യ നായര്‍ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമുണ്ടായത്.

എന്നാല്‍ ഇതിനെ തുടര്‍ന്ന് സച്ചിന്‍ സാവന്തുമായി അടുത്ത ബന്ധമില്ലെന്നും അയല്‍പക്കക്കാര്‍ എന്ന നിലയില്‍ മകന്റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നവ്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. നബീര്‍ ബക്കര്‍ എന്ന ആളാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. നവ്യ നായരെ കുറിപ്പില്‍ ടാഗ് ചെയ്തിട്ടുണ്ട്.

നവ്യ പങ്കുവച്ച കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ അത് പിന്തുടര്‍ന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോവുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാര്‍ത്ത കാട്ടു തീ പോലെയാണ് പടരുന്നത്. കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുക എന്ന് തിരിച്ചറിയണം.

വാര്‍ത്തയിലെ ഇരയുടെ പങ്കാളിയും മാതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ പരിതാപകരവും സങ്കടകരവുമാണ്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍. മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മന:സാന്നിധ്യം തന്നെ നഷ്ടപ്പെടും. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം.

ലക്നൗവില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായിരിക്കെയാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇ.ഡി അറസ്റ്റുചെയ്യുന്നത്. അതിന് മുന്‍പ് മുംബൈയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് സാവന്തിന് എതിരായ കേസ്.

Leave a Reply

Your email address will not be published. Required fields are marked *