
നികേഷ് ഇറങ്ങി റിപ്പോർട്ടർ രക്ഷപ്പെട്ടു! കരകയറാതെ ഏഷ്യാനെറ്റ് ന്യൂസ്
മലയാള വാർത്ത ചാനലുകളിൽ റിപ്പോർട്ടർ ചാനൽ നാലാം ആഴ്ച്ചയിലും ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ട്. എം.വി. നികേഷ് കുമാർ എന്ന മാധ്യമപ്രവർത്തകന്റെ നേതൃത്വത്തിൽ ആരംഭിച്ച റിപ്പോർട്ടർ ചാനൽ, മൂന്ന് വർഷങ്ങൾക്ക് മുമ്പുവരെ ദയനീയമായ പ്രകടനമായിരുന്നു ചാനൽ മത്സരങ്ങളിൽ പ്രകടിപ്പിച്ചിരുന്നത്.
സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന ചാനലിനെ അഗസ്റ്റിൻ സഹോദരൻമാർ ഏറ്റെടുത്ത് 2023 ജൂലൈ മുതൽ പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിച്ചു. പതിറ്റാണ്ടുകളായി ചാനൽ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ തുടർച്ചയായ നാല് ആഴ്ച്ചകളിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാൻ റിപ്പോർട്ടർ ചാനലിന് സാധിച്ചു.
അതേസമയം, റിപ്പോർട്ടർ ചാനലിൽ നിന്ന് എം.വി. നികേഷ് കുമാർ പടിയിറങ്ങിയതോടെ ചാനലിന് നല്ലകാലം വന്നുവെന്ന ചിന്തയും ചില മാധ്യമ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്. മാധ്യമപ്രവർത്തനത്തിൽ നിന്ന് മുഴു സമയ രാഷ്ട്രീയക്കാരനിലേക്ക് എത്തിയ നികേഷ് കുമാർ ഇപ്പോൾ കണ്ണൂർ – തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്നു.
പാർട്ടിയുടെ മാധ്യമ – നവമാധ്യമ ഉത്തരവാദിത്തങ്ങളാണ് അദ്ദേഹം ഇപ്പോൾ നിർവഹിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മീഡിയ മാനേജ്മെന്റിന് നേതൃത്വം നൽകിയത് നികേഷ് കുമാറായിരുന്നു. ദയനീയമായി സിപിഎം പരാജയപ്പെട്ടുവെന്നത് മറ്റൊരുകാര്യം. നിലവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ചുമതലകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്തുനിന്നുള്ള പടിയിറക്കമുണ്ടായത് ചാനൽ മാനേജ്മെന്റിനെ അലോസരപ്പെടുത്തുന്നുണ്ട്. നയിക്കാൻ ഒരു എഡിറ്റർ ഇല്ലാത്ത അവസ്ഥയും വാർത്താ അവതരണത്തിലുള്ള പരമ്പാഗത രീതിയുമാണ് റിപ്പോർട്ടർ ചാനലിന്റെ പിന്നിലേക്ക് പോകാൻ കാരണമെന്ന വിലയിരുത്തലുകളുമുണ്ട്.
എല്ലാ വിഭാഗം പ്രേക്ഷകരും ഒരുപോലെ കാണുന്ന ഒരു ഫ്ളാഗ് ഷിപ്പ് പ്രോഗാം ഏഷ്യാനെറ്റ് ന്യൂസിന് ഇല്ലെന്നതും അവർ നേരിടുന്ന വെല്ലുവിളിയാണ്. ഒരുകാലത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായിരുന്ന ന്യൂസ് ഹവർ ചർച്ചകളിൽ ഇപ്പോൾ ഒരുവിഭാഗം മാത്രം പങ്കെടുക്കുന്നത് തിരിച്ചടിയായിട്ടുണ്ട്. സിപിഎമ്മിന്റെയും ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് ഏഷ്യാനെറ്റിന്റെ ഡിബേറ്റ് പ്രോഗ്രാം നേരിടുന്നത്.
ചാനലുകളുടെ റേറ്റിങ്ങ് വിലയിരുത്തുന്ന ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ (ബാർക്) ഇന്ന് പുറത്തുവിട്ട കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങിൽ 108.8 പോയിൻറ് നേടിയാണ് റിപോർട്ടർ ഒന്നാം സ്ഥാനം നിലനിർത്തിയത്.
രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിന് 94.77 പോയിൻറ് ലഭിച്ചു. ഒന്നാം സ്ഥാനത്തുളള റിപോർട്ടർ ടിവിയും രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും തമ്മിലുളള പോയിൻറ് വ്യത്യാസം 14.03 ആണ്്. മുൻ ആഴ്ചയിൽ ഇത് 11,62 പോയിൻറായിരുന്നു.
കഴിഞ്ഞയാഴ്ചയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന് 2.49 പോയിൻറ് കുറഞ്ഞതാണ് ഇരുചാനലുകൾക്കും ഇടയിലുളള വ്യത്യാസം കൂടാൻ കാരണം. കാലങ്ങളായി നിലനിർത്തിയിരുന്ന ഒന്നാംസ്ഥാനത്തേക്ക് മടങ്ങിവരാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇത് ആശാവഹമല്ല.
തുടർച്ചയായി നാല് ആഴ്ചകളിൽ നേടുന്ന പോയിൻറിന്റെ ശരാശരിയാണ് ഓരോ ആഴ്ചയും പുറത്ത് വരുന്ന റേറ്റിങ്ങ്. ഈയാഴ്ചയിൽ റിപോർട്ടർ കൈവരിച്ച ഉയർന്ന പോയിൻറ് വരുന്ന മൂന്ന് ആഴ്ചകളിലേ റേറ്റിങ്ങ് കണക്കിലും പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനം തിരികെ പിടിക്കുക ഏഷ്യാനെറ്റിന് നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമല്ല.
അല്ലെങ്കിൽ സ്വന്തം റേറ്റിങ്ങ് പോയിൻറ് കുത്തനെ വർദ്ധിപ്പിക്കണം. നാല് ആഴ്ചയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അത്തരമൊരു പ്രവണത ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ്ങിൽ പ്രകടമല്ല. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും റിപോർട്ടറിന്റെ ചടുലമായ വാർത്താവതരണ ശൈലിക്കും വിപുലമായ കവറേജിനും ഒപ്പമെത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിയുന്നില്ല.
ശീലിച്ചു വന്ന കാര്യങ്ങളിൽ നിന്ന് മാറാൻ എഡിറ്റോറിയൽ ടീമിന് വിമുഖതയുളളത് പോലെയാണ് പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് റിപോർട്ടറിനെ കടത്തിവെട്ടുന്ന തരത്തിൽ വിപുലമായ റിപോർട്ടിങ്ങ് ടീമിനെയാണ് ഏഷ്യാനെറ്റ് ന്യൂസ് വിന്യസിച്ചിരിക്കുന്നത്.
എന്നാൽ എത്ര പരിശ്രമിച്ചിട്ടും സ്ക്രീനിലും വാർത്താ ആവതരണത്തിലും ആകർഷണീയതയും ചടുലതയും കൊണ്ടുവരാനാകുന്നില്ല. ടെലിവിഷനിൽ വാർത്ത കാണുന്നവരുടെ അഭിരുചിയിൽ വന്ന മാറ്റവും ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളിയാണ്. കേരളത്തിൽ പെയ്ത കനത്ത മഴയായിരുന്നു റേറ്റിങ്ങ് പുറത്തുവന്ന വാരത്തിലെ പ്രധാന വിഷയം.
പോയിൻറ് നിലയിൽ വർദ്ധനവ് ഉണ്ടെങ്കിലും മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ ട്വൻറി ഫോർ ന്യസിനും കഴിഞ്ഞിട്ടില്ല. ഇന്ന് പുറത്തുവന്ന റേറ്റിങ്ങിലും 80.31 പോയിൻറുമായി ട്വൻറി ഫോർ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായി ട്വൻറി ഫോറിനും 14 പോയിൻറ് വ്യത്യാസമുണ്ട്.
ട്വൻറി ഫോറിന്റെ ചിരവൈരികളും ഒന്നാം സ്ഥാനക്കാരുമായുളള വ്യത്യാസം 28 പോയിൻറിലേറെയാണ്. എന്നാൽ മുൻ ആഴ്ചയിലേക്കാൾ 7 പോയിന്റോളം വർദ്ധിപ്പിക്കാനായത് ട്വൻറി ഫോറിന് ആശ്വാസകരമാണ്.
മറ്റ് ചാനലുകൾക്കൊന്നും ഇല്ലാത്ത പോയിൻറ് വർദ്ധനവാണ് ട്വൻറി ഫോറിന് ലഭിച്ചത്. ഒന്നാം സ്ഥാനക്കാരായ റിപോർട്ടർ ടിവി മുൻ ആഴ്ചയിലെ അതേ പോയിൻറ് നിലയിലും ഏഷ്യാനെറ്റ് 2.49 പോയിൻറ് കുറയുകയാണ് ചെയ്തിരിക്കുന്നത്.
പോയ ആഴ്ചയും മനോരമ ന്യൂസ് തന്നെയാണ് നാലാം സ്ഥാനത്ത്. 41.04 പോയിൻറാണ് മനോരമ ന്യൂസ് നേടിയത്. മുൻ ആഴ്ചയിലേക്കാൾ 2 പോയിൻറ് വർദ്ധിപ്പിച്ചാണ് മനോരമ ന്യസ് 41 പോയിൻറിലേക്ക് എത്തിയത്. മാതൃഭൂമി ന്യൂസും അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
37.76 പോയിൻറാണ് മാതൃഭൂമി ന്യൂസിന്റെ നേട്ടം. മാതൃഭൂമി ന്യൂസിനും മുൻ ആഴ്ചയിലേക്കാൾ 1 പോയിൻറിലേറെ കൂട്ടാൻ കഴിഞ്ഞു. ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം 24 x 7 ന് കഴിഞ്ഞയാഴ്ചയേക്കാൾ പോയിൻറ് കുറഞ്ഞു.
27.99 പോയിൻറ് ഉണ്ടായിരുന്ന ന്യൂസ് മലയാളം 24×7 ന് ഈയാഴ്ച 27.77 പോയിൻറിലേക്ക് താണു. 24.26 പോയിൻറുമായി ജനം ടിവി ഏഴാം സ്ഥാനത്തും 15.56 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.
15.23 പോയിൻറുമായി ഒൻപതാം സ്ഥാനത്തുളള ന്യൂസ് 18 കേരളം കൈരളിയുടെ തൊട്ട് പിന്നിൽ തന്നെയുണ്ട്. 6.65 പോയിൻറുമായി മീഡിയാ വൺ ചാനലാണ് ഏറ്റവും പിന്നിൽ.