CinemaKeralaNews

ലൈംഗിക അതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന് പിടിമുറുകുന്നു

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന് പിടിമുറുകുന്നു. യുവനടി നല്‍കിയ പരാതിയില്‍ സിദ്ദിഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി സിദ്ദിഖ് പീഡിപ്പിച്ചതായുള്ള പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ  തെളിവുകളെന്നും അന്വേഷണ സംഘം പറഞ്ഞു. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ്  അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

തന്നെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്ന് ആയിരുന്നു നടിയുടെ ആരോപണം. പ്ലസ് ടു കഴിഞ്ഞ് മോഡലിംഗ് രംഗത്ത് സജീവമായ സമയത്തായിരുന്നു സിദ്ദിഖുമായി പരിചയത്തിൽ ആകുന്നത്. തന്നോട് ഇങ്ങോട്ട് സംസാരിക്കുകയായിരുന്നു. ആദ്യം സന്ദേശം വന്നത് വ്യാജ അക്കൗണ്ടിൽ നിന്നാണ് എന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീട് സ്വന്തം അക്കൗണ്ട് ആണെന്ന് മനസിലായി. തൻ്റെ സഹപ്രവർത്തകരായ പലരെയും സിദ്ദിഖ് ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു.

ഒരിക്കൽ തന്നെ സിനിമയുടെ പ്രിവ്യൂ കാണാനായി സിദ്ദിഖ് ക്ഷണിച്ചു. താൻ പോയി. സിനിമയ്ക്ക് ശേഷം മസ്‌ക്കറ്റ് ഹോട്ടലിൽ ആയിരുന്നു അതിൻ്റെ ചർച്ചയുണ്ടായിരുന്നത്. ചർച്ചയ്ക്കായി ഹോട്ടലിൽ എത്തിയപ്പോൾ മുറിയിൽവച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തന്നെ സിദ്ദിഖ് അഡ്ജസ്റ്റ്‌മെൻ്റിന് വിളിച്ചു എന്ന് മാത്രമേ പുറംലോകത്തിന് അറിയുകയുള്ളൂ എന്നും നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *