KeralaNews

ഇതുവരെ 49 കുട്ടികൾ മരണപ്പെടുകയോ, കാണാതാവുകയോ ചെയ്‌തിട്ടുണ്ട്‌: മന്ത്രി വി. ശിവൻകുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പാഠ പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവര്‍ക്ക് വീണ്ടും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്. 240 ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക.

മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താന്‍ നിലവില്‍ 6 നായകളും തിരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഇന്നെത്തും

കോസ്റ്റ് ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമും തിരച്ചില്‍ നടത്തും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നു മുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും. 25 ആംബുലന്‍സ് ആണ് ബെയ്‌ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടുക. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കലക്ടര്‍ പ്രത്യേക പാസ് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *