CrimeKerala

ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസ്സം; മാവേലിക്കരയിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ച് പോലീസ്

11 മാസം പ്രായമുള്ള ശിഖന്യ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശിൽപയെ (29) അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ മാവേലിക്കരയിലെ വാടകവീട്ടിൽ വച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണു മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണു വഴിത്തിരിവായത്.

ജോലിക്കു പോകുന്നതിനു കുഞ്ഞു തടസ്സമാകുന്നതിനാലാണു കൊലപ്പെടുത്തിയതെന്നു ശിൽപ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം, വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി, മുൻപ് ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി ഷൊർണൂരിലെത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ അന്നു പുലർച്ചെ യുവാവിന് അയച്ച സന്ദേശം നിർണായക തെളിവായി.

യുവാവു ജോലിചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിൽ ശനിയാഴ്ച രാവിലെ ഒൻപതരയോടെ എത്തിയ ശിൽപ കുഞ്ഞിനെ നിലത്തു വച്ചു ബഹളമുണ്ടാക്കിയിരുന്നു. പൊലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. എന്നാൽ, കുഞ്ഞ് മണിക്കൂറുകൾക്കു മുൻപേ മരിച്ചുവെന്നാണു ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ശിൽപയെ കസ്റ്റഡിയിലെടുത്തു. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ ക്ഷതങ്ങൾ കാണാതിരുന്നതും യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്കു സമ്മതിച്ച യുവതി പിന്നീടു മാറ്റിപ്പറഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെയാണു മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നലെ ഷൊർണൂർ പൊലീസ് മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടിൽ ശിൽപയെ എത്തിച്ചു തെളിവെടുപ്പു നടത്തി. കൊട്ടാരക്കര സ്വദേശി വാടകയ്ക്കെടുത്ത വീട്ടിൽ രണ്ടാഴ്ചയായി ശിൽപ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വീട് വാടകയ്ക്കെടുത്തയാളുടെ ഫോൺ ഓഫാണെന്നും വീട്ടിലെത്തുമ്പോൾ കതകു തുറന്നുകിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *