പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരൻ്റെ കൈയിൽ നിന്നാണ് മൂന്നാള്‍ പൊക്കത്തില്‍ കുഞ്ഞ് താഴെ വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏഴംകുളം ദേവീക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാൽ, വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്.
സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. കമ്മിഷൻ ചെയർമാൻ ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിൻെറ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.
പത്തനംതിട്ട ജില്ലയിൽ ഏഴംകുളം പഞ്ചായത്തിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്.