KeralaNews

വീണ വിജയന്റെ അക്കൗണ്ടിലേക്ക് ഒഴുകിയത് കോടികള്‍; രേഖകള്‍ ഹാജരാക്കാനാകാതെ മുഖ്യമന്ത്രിയുടെ മകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടികളെക്കുറിച്ച് ആർക്കും ഉത്തരമില്ല. ഇതോടെ സിപിഎം നേതാക്കള്‍ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ പോലെ വീണയെ കേൾക്കാതെ ഏകപക്ഷീയമായാണ് ഈ ആരോപണങ്ങൾ എല്ലാം ഉന്നയിക്കുന്നതെന്ന വാദമുഖവും തകരുന്നു.

2020 മുതൽ 2022 കാലയളവിൽ ഈ ഇടപാടു സംബന്ധിച്ച് നിരവധി നോട്ടീസുകൾ നൽകിയിരുന്നെങ്കിലും ഒന്നിൽ പോലും വ്യക്തമായ മറുപടി നൽകുവാൻ വീണക്കായില്ല എന്ന് ROC ബാംഗളൂർ സത്യവാങ്മൂലത്തിൽ പറയുന്നു. കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റലിൽ നിന്ന് വാങ്ങിയ വായ്പ ഓഡിറ്റ് റിപ്പോർട്ടുകളിൽ കാണുന്നുണ്ടെങ്കിലും ബാങ്ക് രേഖകളിൽ ഈ ഇടപാടില്ല ഈ വായ്പയുടെ കാലപരിധി, പലിശ തുടങ്ങിയ വിശദാംശങ്ങളും നൽകാനായില്ല.

ഇത് തിരിച്ച് കൊടുത്ത രേഖകളും ഹാജരാക്കാനായില്ല. അത് പോലെ ഈ കലയളവിൽ നിരവധി ചാരിറ്റബിൾ സംഘടനകളിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് ഒഴുകി എത്തിയ സംഖ്യക്കും വ്യക്തമായ ഉത്തരമില്ല. അങ്ങനെ അടിമുടി ദുരൂഹമായ ഇടപാടുകളാണ് വീണ നടത്തിയിരിക്കുന്നത് എന്ന് ROC ബംഗളൂർ കോടതിയിൽ പറഞ്ഞതായി വിധി പ്രസ്താവത്തിൽ പ്രതിബാധിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് ആരംഭകാലം മുതൽ നടത്തിയ മുഴുവൻ ഇടപാടുകളും കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷിക്കുന്നു. കരിമണൽ കമ്പനിയായ സിഎംആർഎൽ കൂടാതെ വീണയുടെ കമ്പനിയുമായി ഇടപാടുകൾ നടത്തിയ മറ്റ് 8 സ്ഥാപനങ്ങളുടെ വിവരങ്ങൾ കൂടി പരാതിക്കാരനായ ഷോൺ ജോർജ് എസ്എഫ്ഐഒക്കു കൈമാറി. ഈ സ്ഥാപനങ്ങളിൽനിന്നും ചെയ്യാത്ത സേവനത്തിനു വൻ തുകകൾ കൈപ്പറ്റിയെന്നാണ് ആരോപണം.

എക്സാലോജിക് വിവിധ സന്നദ്ധസംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാസംതോറും പണം കൈപ്പറ്റിയിരിക്കുന്നതായി ബാങ്ക് രേഖകളിൽ കാണുന്നുവെന്നും പണം തന്നവരുടെ പേര്, തുക, കമ്പനിക്ക് അവരുമായുള്ള ബന്ധം എന്നീ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കർണാടക ഹൈക്കോടതിക്കു നൽകിയ രേഖകളിൽ എസ്എഫ്ഐഒ ചൂണ്ടിക്കാട്ടിയിരുന്നു.

സിഎംഎൽഎൽ ഉടമ ശശിധരൻ കർത്താ എംഡിയായിട്ടുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിൽനിന്ന് എക്സാലോജിക് 2015–19 ൽ 77.6 ലക്ഷം രൂപ ഈടു കൂടാതെ വായ്പയെടുത്തതിലെ ദുരൂഹതകളും ഈ രേഖകളിലുണ്ട്. 2016–17 ൽ നൽകിയ 37.36 ലക്ഷം രൂപയിൽ 25 ലക്ഷമേ എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് രേഖകളിലുള്ളൂ. ബാക്കി 12.36 ലക്ഷം രൂപ പണമായോ ചെക്കായോ ഓൺലൈൻ ബാങ്കിങ് മുഖേനയോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതറിയിക്കാൻ നിർദേശിച്ചെങ്കിലും മറുപടിയുണ്ടായില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x