തിരുവനന്തപുരം : സപ്ലൈകോ സബ്‌സിഡി നിരക്കിൽ 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനം . ഭക്ഷ്യവകുപ്പിൻ്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് നീക്കം. സബ്സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70% വരെ വിലക്കുറവുണ്ടായിരുന്നു.
ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടണമെന്നത് ഒന്നാം പിണറായി സർക്കാരിൻ്റെ തീരുമാനമാണ്. വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിലകൂടാതെ നീട്ടിവയ്ക്കാനായിരുന്നു സർക്കാർ ശ്രമം. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗത്തിൻ്റെ അജൻഡയിൽ ഉൾപ്പെടുത്താതെ മാറ്റിവയ്ക്കുകയും ചെയ്തു. എന്നാൽ, വില കൂട്ടിയില്ലെങ്കിൽ സപ്ലൈക്കോയുടെ സാമ്പത്തിക സ്ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിനു കഴിവില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിൻ്റെ തീരുമാനം.
അതേ സമയം മറുവശത്ത് സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ജനങ്ങളെ ബാധിക്കില്ലെന്ന ന്യയമാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ ഉയർത്തിയിരിക്കുന്നത്. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വിലവർധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. മാർക്കറ്റ് വിലയിൽനിന്ന് 35 ശതമാനം വിലക്കുറവിൽ 13 ഇന സബ്സിഡിയുള്ള സാധനങ്ങൾ നൽകും. പരമാവധി നാല് രൂപയുടെ വില വർധന മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ഒരു സ്ഥാപനത്തിൽ നിന്ന് ഒരുൽപ്പന്നവും ലഭിക്കാത്തതാണോ സ്ഥാപനം മെച്ചപ്പെട്ട് ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതാണോ നല്ലത് എന്നും മന്ത്രി ചോദിച്ചു.
2016 മുതൽ അഞ്ചു വർഷം വില വർദ്ധിപ്പിക്കില്ല എന്നാണ് പറഞ്ഞിരുന്നതെന്നും അത് വർദ്ധിപ്പിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരും. മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നതിലൂടെ സപ്ലൈകോയുടെ നഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.