പരിയാരത്ത് സഹകരണ കോളേജ് തുടങ്ങിയപ്പോൾ സി.പി.എം. പറഞ്ഞത്, ഈ കോളേജ് എം.വി. രാഘവന്റെയും കെ. കരുണാകരന്റെയും സ്വകാര്യസ്വത്താണ് എന്നാണ്. തെറ്റായ വിവരം നല്‍കി ആളുകളെ ഇളക്കിവിട്ട് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടാക്കി അഞ്ചുപേര്‍ മരിച്ചു. അന്ന് ഒരു സഹകരണ യൂണിവേഴ്‌സിറ്റി തന്നെ എം.വി. രാഘവന്‍ ഉണ്ടാക്കുമായിരുന്നു. നയം മാറ്റാൻ കാല്‍ നൂറ്റാണ്ടാണ് സി.പി.എം നഷ്ടപ്പെടുത്തിയത്, അതിന് അവർ മറുപടി പറയണം.
- സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ച് ബജറ്റ് അവലോകനം വായിക്കാം…
സി.പി.എമ്മിന്റെ നയംമാറ്റം വൈകിയുദിച്ച വിവേകം’
…………………………
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പരിശോധിച്ചാൽ, ഇടതുപക്ഷത്തെ ചോർത്തിക്കളയുന്ന പല സമീപനങ്ങളും കാണാം.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെന്നപോലെ 30,370 കോടി രൂപയില്‍നിന്ന് ഒരു രൂപ പോലും സംസ്ഥാന പ്ലാനില്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. പഞ്ചായത്തുകള്‍ക്ക് നാമമാത്രമായ വര്‍ധന മാത്രം. 1200 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കേണ്ടത് ഇതിന്റെ 25 ശതമാനമാണ്. അവര്‍ക്കൊന്നും കൂടുതൽ ലഭിക്കാൻ പോകുന്നില്ല. 9.8 ശതമാനമാണ് സ്‌പെഷല്‍കമ്പോണന്റ് പ്ലാന്‍, അതും കൂടിയിട്ടില്ല. ട്രൈബൽ സബ് പ്ലാൻ 2.8 ശതമാനമാണ്.
നാണ്യപ്പെരുപ്പത്തിനെപ്പോലും അഡ്ജസ്റ്റ് ചെയ്യാത്ത ഒരു വികസനഫണ്ടാണ് ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ബജറ്റ് പ്ലാന്‍ 40,000 കോടി രൂപയാകേണ്ട സമയം കഴിഞ്ഞു. എങ്കില്‍, പട്ടികജാതി- പട്ടികവര്‍ഗ ഫണ്ട് 4000 കോടിയായേനേ. എന്നാൽ, അതിപ്പോഴും 2900- 3000 കോടിയാണ്. അതായത്, പ്രതിവർഷം ആയിരം കോടി രൂപയുടെ കുറവ്. ഇക്കാര്യത്തിൽ ആര്‍ക്കും പ്രതിഷേധമില്ല.
ഈ സർക്കാർ താഴേക്ക് കൊടുക്കുന്നുണ്ടോ?
കേന്ദ്രം തരുന്നില്ല എന്നാണ് സർക്കാർ പറയുന്നത്. ഈ സർക്കാർ താഴേക്ക് കൊടുക്കുന്നുണ്ടോ?. അതേസമയം, റവന്യൂ ചെലവ് കൂട്ടുകയും ചെയ്യുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ റവന്യൂ ചെലവ് ഇത്തവണ കൂടിയില്ലേ? 15,000 കോടി രൂപയായില്ലേ റവന്യൂ ചെലവ്. റവന്യൂ ചെലവ് കൂട്ടാനറിയാം, വികസനച്ചെലവ് കൂട്ടുന്നില്ല. ഇതാണ് എന്റെ അടിസ്ഥാനപരമായ വിമര്‍ശനം. ഇവിടെയൊക്കെയാണ് ഇടതുപക്ഷം ചോര്‍ന്നുപോയിട്ടുള്ളത്. ഇത് ഇടതുപക്ഷ വിരുദ്ധ സമീപനമാണ്.
കേരളത്തിൽ സി.പി.എം പ്രായോഗികമായ ഒരിടതുപക്ഷനയമല്ല സ്വീകരിച്ചുവരുന്നത്. അവിടെയാണ് സി.എം.പിയും സി.പി.എമ്മും തമ്മിലുള്ള ഭിന്നത. ചൈനീസ് നയം ശരിയാണ് എന്ന് വളരെ നേരത്തെ പറഞ്ഞ പാര്‍ട്ടിയാണ് സി.എം.പി. അതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി തന്നെ ഡിസൈന്‍ ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍സ്വകാര്യ മൂലധനം കൊണ്ടുവരുന്നതിനെക്കുറിച്ച് ഇടതുപക്ഷ ആംഗിളില്‍നിന്ന് ഞങ്ങൾ പറഞ്ഞത്. കാരണം, മൂന്നാം ലോകരാജ്യങ്ങളില്‍ വികസനമുണ്ടാകണമെങ്കില്‍; പ്രത്യേകിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍, സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമുണ്ടാകണമെങ്കിൽ മൂലധനം അനിവാര്യമാണ്. അല്ലാതെ ഇടതുപക്ഷം ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യം നടക്കില്ല. അതാണ്, 1977-നുശേഷമുള്ള ചൈനീസ് ലൈന്‍. അതിനെ ഇടതുപക്ഷത്തുനിന്നുകൊണ്ട് പിന്താങ്ങിയവരാണ് ഞങ്ങള്‍.
പട്ടിണി പങ്കുവെച്ചാല്‍ സോഷ്യലിസമുണ്ടാകുകയില്ല
അതേസമയം, ഈയൊരു ലൈൻ നിയോ ലിബറലാണ് എന്നാണ് സി.പി.എം പറഞ്ഞിരുന്നത്, അതായത്, ചൈന മുതലാളിത്തപാതയിലാണ് എന്ന്. പക്ഷെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കൃത്യമായി പറഞ്ഞത്, വരുമാനവും സമ്പത്തും വര്‍ധിപ്പിക്കാന്‍ നൂറു കൊല്ലം വേണം എന്നാണ്. അങ്ങനെ വര്‍ധിക്കുന്ന സമ്പത്ത് പങ്കുവെച്ചാലേ സോഷ്യലിസമുണ്ടാകുകയുള്ളൂ. അല്ലാതെ, പട്ടിണി പങ്കുവെച്ചാല്‍ സോഷ്യലിസമുണ്ടാകുകയില്ല. അതാണല്ലോ, പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി എന്നു പറഞ്ഞത്.
ചൈനയുടെ വികസനനയം പിന്തിരിപ്പനാണെന്ന് സി.എം.പി പറഞ്ഞിട്ടില്ല. ഈയിടെ സമാപിച്ച 11ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തില്‍ തന്നെ പറയുന്നത്, ചൈന ദാരിദ്ര്യം അവസാനിപ്പിച്ചപ്പോള്‍ ലോകദാരിദ്ര്യം തന്നെ കുറഞ്ഞു എന്നാണ്. ഇന്ന് ലോക ദാരിദ്ര്യത്തിന് വലിയ സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. ഇവിടുത്തെ പട്ടിജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണ്.
അതുകൊണ്ട്, ഞങ്ങളെ സംബന്ധിച്ച് ചൈനീസ് നയം നിയോ ലിബറലാണ് എന്ന ആരോപണമില്ല. മറിച്ച്, അത് ഈ കാലഘട്ടത്തിലെ ഇടതുപക്ഷ നയമാണ്. അതില്‍ ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും അംഗീകരിക്കുകയാണ് വേണ്ടത്. ഇവിടെയാണ് ചൈനയുമായി സി.എം.പിക്ക് ഭിന്നത, അവിടെയാണ് സി.പി.എമ്മിന് ചൈനയുമായി ലോഹ്യവും. ചൈനയിലെ വികസനത്തെ അംഗീകരിക്കുമ്പോഴും ടിയാനന്‍മെന്‍സ് സ്‌ക്വയറിലുണ്ടായ വെടിവെപ്പ് തെറ്റായിരുന്നു എന്നാണ് ഞങ്ങൾ പറഞ്ഞത്. അന്ന് സി.പി.എം പറഞ്ഞത്,. ടിയാനന്‍മെന്‍ സ്‌ക്വയര്‍ ശരി, വികസനം തെറ്റ് എന്നാണ്. ചൈനയിലെ ജനാധിപത്യക്കമ്മിയെ വിമര്‍ശിക്കുകയും വികസനത്തെ അംഗീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.എം.പി.
ചൈനയില്‍ ഇല്ലാത്തത് ജനാധിപത്യമാണ്. പക്ഷെ, ഡവലപ്‌മെന്റ് സര്‍പ്ലസ് അവര്‍ക്കുണ്ട്. ചൈന ഇന്ന് അമേരിക്കയുടെ ഡോളര്‍ കൈകാര്യം ചെയ്യുകയാണ്. അമേരിക്കക്കാരുടേതിനേക്കാള്‍ കൂടുതല്‍ ഡോളര്‍ ഇപ്പോള്‍ ചൈനക്കാരുടെ കൈയിലുണ്ട്. അമേരിക്കന്‍ സര്‍ക്കാറിനുപോലും ചൈന ഡോളര്‍ കടം കൊടുത്തിരിക്കുന്നു.
എന്നാൽ; സി.പി.എമ്മാകട്ടെ, ചൈനയുടെ വികസനനയങ്ങളെ എതിര്‍ക്കുകയും ഏകാധിപത്യ നടപടികളെ അനുകൂലിക്കുകയുമാണ്. ഇപ്പോഴും ടിയാനന്‍മെന്‍ സ്‌ക്വയറിനെ അവര്‍ തള്ളിപ്പറഞ്ഞിട്ടില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് ഉപേക്ഷിക്കേണ്ട തെറ്റുകള്‍ മുറുകെപ്പിടിക്കുകയും സ്വീകരിക്കണ്ടേതിനെ സ്വീകരിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു സി.പി.എം. ചൈനയുടെ ഏകാധിപത്യം വേണം, വികസനം പാടില്ല എന്ന നിലപാടിൽനിന്നുള്ള സി.പി.എമ്മിന്റെ നയംമാറ്റത്തെ സി.എം.പി സ്വാഗതം ചെയ്യുന്നു, വൈകിയുദിച്ച വിവേകം എന്നതുപോലെ. ഞങ്ങളുടെ പോളിസിയിലേക്ക് ആരെങ്കിലും വരികയാണെങ്കില്‍ വേണ്ട എന്നു പറയുന്നത് എന്തിനാണ്? അതാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍, ഇത് എങ്ങനെ സാധ്യമാകും എന്നത് ഒരുപാട് ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ട ഒന്നാണ്.
വിഴിഞ്ഞത്ത് ചൈനീസ് മോഡല്‍ കൊണ്ടുവരും എന്നു പറഞ്ഞാല്‍ അത് SEZ ആണോ അല്ലയോ എന്ന് വ്യക്തമാക്കണം. തൊഴിലവസരവും ലേബര്‍ ലോയുമുണ്ടെങ്കില്‍ അവിടെ SEZ ആകാം. ചൈനയില്‍ ഈ രംഗത്ത് വന്‍ചൂഷണം നടന്നു. ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ ലംഘനം രൂക്ഷമായിരുന്നു. ആളുകള്‍ അടിമകളെ പോലെ വിയര്‍ത്തൊലിച്ച് പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയാണോ അതോ കൃത്യമായ തൊഴില്‍ മാനദണ്ഡങ്ങളുള്ള സംവിധാനമാണോ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കണം.
ചൈനയേക്കാള്‍ എത്രയോ മികച്ച തൊഴിൽ നിലവാരമുണ്ട്, അറബ് രാജ്യമായ യു.എ.ഇയില്‍. ഐ.എല്‍.ഒ മാനദണ്ഡമനുസരിച്ചാണ് ദുബൈയിലെ സ്ഥാപനങ്ങൾ വര്‍ക്ക് ചെയ്യുന്നത്. അവിടെ പെയിന്റടിക്കാന്‍ കെട്ടിടത്തിനുമുകളിൽ കയറുന്ന തൊഴിലാളി വീണാല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ സേഫ്റ്റി നെറ്റുണ്ടായിരിക്കും. ഇപ്പോഴും കേരളത്തില്‍ എവിടെയാണ് സേഫ്റ്റി നെറ്റ്?
ഡീസന്റ് ജോബ് അടിസ്ഥാനമാക്കിയുള്ള SEZ ഉണ്ടാക്കണമെങ്കില്‍ തന്നെ കേന്ദ്ര അനുമതി വേണം. ഒരു കോണ്‍സെപ്റ്റ് എന്ന നിലയ്ക്ക് ഞാന്‍ ഇതിന് എതിരല്ല. പക്ഷെ, നടത്തിപ്പിലാണ് പ്രശ്‌നം. ഇക്കാര്യത്തിന് ഭൂമി ഏറ്റെടുക്കരുത്. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോൾ വലിയ സമരങ്ങളുണ്ടായി. ആ സമരത്തില്‍ പങ്കെടുത്തയാളാണ് ഞാന്‍. കാരണം, എം.വി. രാഘവന്റെ കോണ്‍സെപ്റ്റില്‍ ഭൂമി ഏറ്റെടുക്കലില്ല, പകരം, ഭൂമി അഗ്രിഗേറ്റ് ചെയ്യാം. അഞ്ചു സെന്റ്, പത്തു സെന്റ് ഭൂമികള്‍ ഒരു കമ്പനിയുടെ കീഴില്‍ അഗ്രിഗേറ്റ് ചെയ്തെടുക്കാം. ഭൂമിയുടെ വെര്‍ട്ടിക്കല്‍ അഗ്രിഗേഷനാണല്ലോ ഫ്‌ളാറ്റ്, അതുപോലെ. ഡ്രൈ പോര്‍ട്ട് പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.
സ്വകാര്യ നിക്ഷേപത്തിന് ആരാണ് എതിര്? അത് കൊണ്ടുവരുന്നതിന് ഇവിടെ സമവായമുണ്ട്. യു.ഡി.എഫാണ് ജിമ്മും ഇന്‍വെസ്റ്റുമെന്റ് മീറ്റും നടത്തിയത്. ഇപ്പോള്‍ കേരളത്തില്‍ ഒരു സമവായമുണ്ടായിരിക്കുന്നു. സ്വകാര്യനിക്ഷേപം കൊണ്ടുവരാം എന്നതാണ് ആ സമവായമെങ്കിൽ, ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. പക്ഷെ, എങ്ങനെയാണ് കൊണ്ടുവരുന്നത് എന്നതാണ് പ്രശ്‌നം. അതിനുളള മിഷന്‍ വ്യക്തമാക്കണം.
വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയമാണ് മറ്റൊന്ന്. ഇക്കാര്യത്തിലും സി.പി.എം പൊസിറ്റീവായി മാറുകയാണെങ്കില്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യും.
കാല്‍ നൂറ്റാണ്ടാണ് സി.പി.എം നഷ്ടപ്പെടുത്തിയത്
പരിയാരത്ത് സഹകരണ കോളേജ് തുടങ്ങിയപ്പോൾ സി.പി.എം. പറഞ്ഞത്, ഈ കോളേജ് എം.വി. രാഘവന്റെയും കെ. കരുണാകരന്റെയും സ്വകാര്യസ്വത്താണ് എന്നാണ്. തെറ്റായ വിവരം നല്‍കി ആളുകളെ ഇളക്കിവിട്ട് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടാക്കി അഞ്ചുപേര്‍ മരിച്ചു. അന്ന് ഒരു സഹകരണ യൂണിവേഴ്‌സിറ്റി തന്നെ എം.വി. രാഘവന്‍ ഉണ്ടാക്കുമായിരുന്നു. നയം മാറ്റാൻ കാല്‍ നൂറ്റാണ്ടാണ് സി.പി.എം നഷ്ടപ്പെടുത്തിയത്, അതിന് അവർ മറുപടി പറയണം.