
റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് 40 ശതമാനം. 487 രൂപ എന്ന നിലയിലാണ് പേടിഎം ഓഹരി വില താഴ്ന്നത്.
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ, വീണ്ടും ഇടിയാതിരിക്കാന്‍ ഇന്നും ലോവര്‍ സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്തു. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോള്‍ 121 രൂപയുടെ ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയത്.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെയാണ് മുന്നേറുന്നത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്.
72,000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. നിഫ്റ്റി 22,000ലേക്ക് അടുക്കുകയാണ്. അദാനി പോര്‍ട്‌സ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.
നിര്‍ദേശങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് പേടിഎമ്മിനെതിരെ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചത്.പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്മെന്റ്സ് ബാങ്കിനെ വിലക്കി കൊണ്ടാണ് ആര്‍ബിഐ പ്രസ്താവന ഇറക്കിയത്.
മാര്‍ച്ച് ഒന്ന് മുതലാണ് ഇത് ബാധകമാകുക എന്നും ആര്‍ബിഐ വ്യക്തമാക്കി.സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.