തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനും സിഎംആർഎല്ലിനും എതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ. എക്സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. 3 കമ്പനികളുടെയും ഇടപാടുകൾ വിശദമായി പരിശോധിക്കും
കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുക്കുന്നത്. എക്സലോജിക്കും സിഎംആർഎല്ലിനും പുറമെ കെഎസ്ഐഡിസിയും റഡാറിലാണ്.
എക്സലോജിക്കുമായുള്ള ഇടപാടിന് പുറമെ, ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ സിഎംആർഎല്ലുമായി ബന്ധപെട്ട് പറയുന്ന
ഇടപാടുകളിൽ എല്ലാം അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് ഷോൺ ജോർജ്ജിന്റെ പരാതിയിലെ
ഒരാവശ്യം. കമ്പനികാര്യ ചട്ടങ്ങളിൽ ഗുരുതര ക്രമക്കേടുകൾ പ്രാഥമികമായി തന്നെ കണ്ടെത്തിയതിനാൽ, എസ്എഫ്ഐഒക്ക് ഈ ഇടപാടുകൾ വിശദമായി പരിശോധിക്കാം. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനുള്ള നടപടിയുണ്ടാകുമെന്നാണ് വിവരം. കോർപ്പറേറ്റ് ലോ സർവീസിലെ മുതിർന്ന ആറ് ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. കാർത്തി ചിദംബരം ഉൾപ്പെട്ട എയർസെൽ മാക്സിസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ എം.അരുൺ പ്രസാദാണ് ഈ കേസിലും അന്വേഷണ
ഉദ്യോഗസ്ഥൻ. ചെന്നൈ റീജിയണൽ ഓഫീസ് തലവൻ എന്ന നിലയിലാണ് അരുൺ പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥനായത് എന്നാണ് കോർപ്പറേറ്റ് കാര്യമന്ത്രാലയ വൃത്തം പറയുന്നത്.