
വിമർശനങ്ങളെ തുടർന്ന് പൗരപ്രമുഖരെ ഒഴിവാക്കിയാണ് പിണറായിയുടെ മുഖാമുഖം
തിരുവനന്തപുരം: പിണറായി മന്ത്രിസഭ 14 ജില്ലകളിലും നടത്തിയ നവകേരള സദസ്സിന് തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി.
വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആദിവാസി, ദളിത് വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷനേഴ്‌സ്, വയോജനങ്ങള്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തയാറെടുക്കുന്നത്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം കുറിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധത തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ സമരാഗ്നി. പ്രക്ഷോഭയാത്ര പകുതി പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ആരംഭം. കോണ്‍ഗ്രസിനെ നേരിടാനാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംബന്ധിച്ച് ഉന്നത തല യോഗം ഫെബ്രുവരി ഒന്നിന് ഓണ്‍ലൈനായി ചേര്‍ന്നു. യോഗത്തില്‍ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ പങ്കെടുത്തു.
ലോക് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടും മുഖ്യമന്ത്രി ജനങ്ങള്‍ക്കിടയിലേയ്ക്ക് പോകാന്‍ മടിക്കുന്നുവെന്ന ആരോപണങ്ങള്‍ കണക്കിലെടുത്തുമാണ് പിണറായി വിജയന്‍ തന്നെ ഇത്തരമൊരു പരിപാടിക്ക് മുന്‍കൈയെടുക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും കോണ്‍ഗ്രസിന്റെ സമരാഗ്‌നി പതിനാല് ജില്ലകളിലും പര്യടനം നടത്തുക. ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്‌നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളിലും മഹാറാലികളും സമരാഗ്‌നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.

മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് അണിനിരത്തും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്,മ ലപ്പുറം, ഇടുക്കി ജില്ലകളില്‍ മൂന്ന് വീതം പൊതുസമ്മേളനവും കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍ നടക്കുന്ന മഹാസമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും സംസ്ഥാനത്തെ യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.