രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. 11 മണിയോടെ ബജറ്റ് അവതരണം ആരംഭിച്ചു.
പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം പുരോഗതിയിലേക്ക് കുതിച്ചു. അമൃതകാലത്തിനായി സർക്കാർ പ്രയത്നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ധനമന്ത്രി നിർമല സീതാരാമൻ.
വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നല്‍കി. തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ പദ്ധതികൾ സർക്കാർ ലഭ്യമാക്കി. ഇവർക്ക് വായ്പ ലഭ്യമാക്കി. വ്യവസായ മേഖലയിൽ വൻ പുരോഗതിയുണ്ടായെന്നും ധനമന്ത്രി.
കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചെറുകിട കർഷകർക്കും ഇതിന്റെ ഗുണഫലം ലഭിച്ചു. ഫസൽ ഭീമ യോജനയിലൂടെ 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കി.
വനിതാ സംരംഭകർക്ക് 30 കോടി മുദ്രാ ലോണുകൾ നൽകി. പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിച്ചു. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായി.
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടുകളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണ്. വലിയ പദ്ധതികളുടെ ഗുണഫലം ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനായിട്ടുണ്ട്. അർഹരായവർക്ക് പണം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചു. തൊഴിൽ സാധ്യതകൾ വർധിപ്പിച്ചു.
ഭൗമരാഷ്ട്രീയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. കോവിഡ് മഹാമാരിക്കുശേഷം വലിയ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾക്കിടയിലും ഇന്ത്യ പുരോഗതിയിലേക്ക് കുതിച്ചു. അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ–മിഡില്‍ ഈസ്റ്റ്–യൂറോപ്പ് ഇടനാഴി ഇന്ത്യയ്ക്ക് വൻ കുതിപ്പു നല്‍കും. ലോകവ്യാപാരത്തിന്റെ കേന്ദ്രമായി ഈ ഇടനാഴി മാറും.