ഹൈറിച്ചിന്റെ 1157 കോടിയുടെ തട്ടിപ്പ് പുറത്തുവിട്ട് ഇ.ഡി; പോലീസുകാരും തട്ടിപ്പില്‍ പങ്കാളികള്‍

കൊച്ചി: ഹൈറിച്ച് ഉടമകളായ വി.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്തത് 1157 കോടി രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ക്രിപ്‌റ്റോ കറന്‍സിയുടെയും ഒടിടിയുടെയും മറവിലാണ് തട്ടിപ്പും തട്ടിപ്പ് പണം വിദേശത്തേക്ക് കടത്തിയതും. ഇ.ഡി പുറത്തുവിട്ട കണക്കുകളിലാണ് കോടികളുടെ തട്ടിപ്പ് വെളിപ്പെടുത്തുന്നത്.

തട്ടിപ്പ് നടത്തിയ തുകയില്‍ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഉടമകള്‍, കാനഡയില്‍ ആരംഭിച്ച കമ്പനി കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണം ആരംഭിച്ചു.

ഇ.ഡിയുടെ റെയ്ഡിന് മുന്‍പ് മുങ്ങിയ ഹൈറിച്ച് ഉടമകളായ പ്രതാപനും ശ്രീനയ്ക്കുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, തൃശൂരിലെയും എറണാകുളത്തെയും ശാഖകള്‍, ഉടമകളുടെ വീടുകള്‍ എന്നിവിടങ്ങളിലായിരുന്നു ഇ.ഡിയുടെ റെയ്ഡ്. ഇതിന് തൊട്ടുമുമ്പാണ് റെയ്ഡ് വിവരം ചോര്‍ന്നുകിട്ടിയ ഉടമകള്‍ ുങ്ങിയത്.

എച്ച്ആര്‍ കോയിന്‍ വഴി 1138 കോടിയാണ് തട്ടിയത്. ഇവര്‍ സമാഹരിച്ച പണത്തില്‍ 482 കോടി രൂപശേഖരിച്ചത് ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ ഇടപാടുകള്‍ക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിലാണ്.

അതേസമയം, അറസ്റ്റ് സാധ്യത കണക്കിലെടുത്ത് പ്രതികള്‍ മുന്‍ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രതികള്‍ക്കെതിരെ സമാനകേസുള്ള വിവരം കോടതിയെ ഇ.ഡി അധികൃതര്‍ അറിയിക്കും.

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്, മണിചെയിന്‍ ഇടപാടുകള്‍ക്കു പുറമെ ഹൈ റിച്ച് ഉടമകള്‍ കോടികള്‍ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇ.ഡി. അന്വേഷണം തുടരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച്.ആര്‍ ഒ.ടി.ടി പ്രത്യക്ഷപ്പെടുന്നത്. സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ വിജേഷ് പിള്ളയുടെ ആക്ഷന്‍ ഒടിടിയാണ് ഹൈറിച്ച് ഉടമകള്‍ വാങ്ങിയത്. പുത്തന്‍പടങ്ങളടക്കം റിലീസ് ചെയ്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ ആകര്‍ഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.

ഇതിനു പിന്നാലെയാണ് എച്ച്ആര്‍ ക്രിപ്‌റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആര്‍ ക്രിപ്‌റ്റോയുടെ മൂല്യം രണ്ടു ഡോളറാണ്. 160 ഇന്ത്യന്‍ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിനു പേരില്‍ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയില്‍ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകളുടെ ഭാഗമായാണെന്നുമാണ് ഇ.ഡിക്കു ലഭിച്ചിരിക്കുന്ന വിവരം.

റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ക്രിപ്‌റ്റോ ഇടപാടുകള്‍ നടത്തിയതെന്നും കണ്ടെത്തലുണ്ട്. നേരത്തേ, 126 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജി.എസ്.ടി വെട്ടിപ്പു മാത്രമെന്ന വാദമുയര്‍ത്തി പ്രതാപനും ശ്രീനയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരില്‍ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നതാണു നിര്‍ണായകമായത്. എഴുപതോളം കടലാസ് കമ്പനികള്‍ നടത്തിയെന്നും ഇതില്‍ 14 കമ്പനികള്‍ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments