ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്; മുഹമ്മദ് നിസാറിന്റെ സമയോചിത ഇടപെടല്‍

മുഹമ്മദ് നിസാർ

കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് നിസാറിന്റെ സമയോചിത ഇടപെടല്‍ കാരണം യുവാവിന് ജീവന്‍ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസമാണ് അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇടയക്കുന്നം സ്വദേശിയെ തക്ക സമയത്ത് കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

പോലീസ് ഓഫീസര്‍ നിസാറിന്റെ ഫോണിലേക്ക് ഒരാള്‍ അയച്ച മെസ്സേജിനെക്കുറിച്ച് അന്വേഷിച്ചിറങ്ങിയതാണ് ഒരു കുടുംബത്തിന് തുണയായത്.

ഞായറാഴ്ച വൈകുന്നേരം മൂന്നോടെയാണ് മുഹമ്മദ് നസീറിന്റെ ഫോണിലേക്ക് പരിചയക്കാരന്റെ സന്ദേശം ഫോര്‍വേഡ് ആയിട്ടെത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്ത് അയച്ച മെസേജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന സൂചനയുണ്ടായിരുന്നു.

സന്ദേശം കിട്ടിയ ഉടന്‍ മുഹമ്മദ് നസീര്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് യുവാവിന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ഇയാളുടെ വിലാസം കണ്ടെത്തി ചേരാനല്ലൂര്‍ എസ്ഐമാരായ കെ.എക്സ്. തോമസ്, സാബു എന്നിവര്‍ക്കൊപ്പം യുവാവിന്റെ വീട്ടിലെത്തി.

ഇരുനില വീട്ടില്‍ താഴത്തെ നിലയിലെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് പോലീസ് സംഘം മുറിയില്‍ പ്രവേശിച്ചെങ്കിലും ആരെയും കണ്ടില്ല. ഈ സമയം യുവാവിന്റെ ഭാര്യയും കുഞ്ഞും അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.

തുടര്‍ന്ന് മുകളില്‍ നിലയിലെത്തിയ പോലീസ് സംഘം യുവാവ് എഴുതിവച്ചിരുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. പിന്നീട് മുറികളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് അമിതമായി ഗുളിക കഴിച്ച് അവശനിലയിലായ യുവാവ് തറയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ ആളെ മുകള്‍ നിലയില്‍ നിന്നും താഴെയിറക്കി പോലീസ് ജീപ്പില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഇദ്ദേഹത്തിന്റെ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ട് പോലീസ് വിവരം ധരിപ്പിച്ചു. അവരും ഉടന്‍ ആശുപത്രിയിലെത്തി. കൃത്യസമയത്ത് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകട നില തരണം ചെയ്തു. മാതാപിതാക്കളുമായുള്ള ചില പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശിക്കുന്നത്. യുവാവിനെ കൗണ്‍സലിംഗിന് വിധേയനാക്കും.

ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ മുഹമ്മദ് നസീര്‍ കഴിഞ്ഞ 18 വര്‍ഷമായി പോലീസ് സേനയുടെ ഭാഗമാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ മുഹമ്മദ് നസീറിന് അഭിനന്ദനങ്ങളുമായി എത്തിക്കഴിഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments