ഇമേജ് മങ്ങുന്ന പിണറായിക്ക് ബദലാകാന്‍ കെ.കെ. ശൈലജക്ക് പുതിയ പി.ആര്‍ ടീം

  • പി.ജെ. റഫീഖ്

മുന്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജയ്ക്ക് പുതിയ പി.ആര്‍. ടീം. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി കാട്ടി ശൈലജയുടെ ഇമേജ് വീണ്ടെടുക്കുകയാണ് പി.ആര്‍ ടീമിന്റെ ലക്ഷ്യം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടത്തിന് പാത്രമായ സിപിഎം വനിതാ നേതാവാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഭരണതുടര്‍ച്ച നേടി പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് കല്ലുകടിയായത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ടീച്ചറമ്മയ്ക്ക് കൂടി ചാര്‍ത്തികൊടുത്തതായിരുന്നു. ആ കല്ലുകടി നവകേരള സദസ്സിലേക്കുപോലും വ്യാപിച്ചു.

റെക്കോര്‍ഡ് ഭൂരിപക്ഷവും മാധ്യമപരിലാളനയും ഉണ്ടായിരുന്നിട്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മട്ടന്നൂര്‍ മണ്ഡലത്തിലേക്ക് മാത്രം പാര്‍ട്ടി കെ.കെ. ശൈലജയെ ഒതുക്കിയെന്നും നിരീക്ഷണമുണ്ട്. നവകേരള സദസ്സില്‍ പരസ്യശാസന കേട്ടതിന് പിന്നാലെ ഇനിയും അടങ്ങിയിരിക്കരുതെന്നാണ് അനുയായികള്‍ ഷൈലജയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ശൈലജയുടെ അതീവ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥനാണ് ശൈലജയുടെ പുതിയ പി.ആര്‍ ടീമിന് പിന്നില്‍. പിണറായിയുടെ ഇമേജ് മങ്ങുന്നു എന്ന വിലയിരുത്തലാണ് ശൈലജയുടെ പി.ആര്‍. ടീമിന് ഉള്ളത്. പിണറായിക്ക് ബദല്‍ ആയി ഷൈലജയെ ഉയര്‍ത്തി കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ വനിത മുഖ്യമന്ത്രി എന്ന് എന്ന തരത്തില്‍ ചോദ്യങ്ങള്‍ ചില ചാനലുകള്‍ ശൈലജയോട് അടുത്തിടെ ആവര്‍ത്തിച്ചതും ഇതിന്റെ ഭാഗമാണ്. ആരോഗ്യ പരമായ കാരണങ്ങളാല്‍ പിണറായി ലോക സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചികില്‍സക്കായി അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനം ഒഴിയാതെ പകരം ചുമതല മുഹമ്മദ് റിയാസിനെ ഏല്‍പിക്കാനാണ് പിണറായിയുടെ പദ്ധതി. പാര്‍ട്ടിയില്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളേ മുഖ്യമന്ത്രിയായിട്ടുള്ളൂ എന്ന കീഴ്‌വഴക്കം തിരുത്തി കുറിക്കാനാണ് പിണറായിയുടെ ശ്രമം. ഇതിനിടയിലാണ് പിണറായിക്ക് പകരം ആര് എന്ന ചോദ്യത്തിന് ശൈലജയുടെ പേര് ഉയര്‍ത്തി കൊണ്ടു വരാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായ കെ.കെ ശൈലജക്ക് മന്ത്രികസേര തുടക്കത്തില്‍ വഴങ്ങിയില്ല. ഡോ. മുഹമ്മദ് അഷിലിന്റെ പിന്‍ബലത്തില്‍ കോവിഡ് കാലത്താണ് ശൈലജ മന്ത്രികസേരയില്‍ തിളങ്ങിയത്. ജനങ്ങള്‍ ഭീതിയിലാണ്ട കാലത്ത് അവര്‍ക്ക് ഒരു രക്ഷക എന്ന നിലയില്‍ ശൈലജയെ ഉയര്‍ത്തികാട്ടാനുള്ള മുഹമ്മദ് അഷീലിന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചിരുന്നു.

അഷീലിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് ടീച്ചറമ്മ എന്ന വിളിപേരും. ഷൈലജയുടെ പി.ആര്‍ ടീം നല്‍കുന്ന നരേറ്റിവ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഷൈലജ ടീച്ചറമ്മ ആയി മാറുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയ എംഎല്‍എ ഷൈലജ ആയിരുന്നു. തുടര്‍ഭരണത്തില്‍ ശൈലജയെ മന്ത്രിയാക്കാതെ ശൈലജയേയും ടീമിനേയും പിണറായി ഞെട്ടിച്ചു.

ഷൈലജയുടെ ബുദ്ധികേന്ദ്രമായ ഡോ മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷ മിഷന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കസേരയില്‍ നിന്ന് പിണറായി തെറിപ്പിച്ചു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയുടെ അപ്രധാന ചുമതലയിലേക്ക് ഇദ്ദേഹത്തെ തട്ടി. ഡെപ്യൂട്ടേഷനില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം ലഭിച്ചെങ്കിലും ഇടത് ചായിവ് ചൂണ്ടിക്കാട്ടി റദ്ദാക്കി.

തിരികെ സംസ്ഥാന സര്‍വ്വീസിലേയ്ക്ക് കയറാന്‍ അപേക്ഷ നല്‍കിയെങ്കിലും എട്ട് മാസം പരിഗണിക്കാതെ നിയമനം കൊടുക്കാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഷീലിനെ വട്ടം ചുറ്റിച്ചു. ഇവിടെ നിന്നാല്‍ പണി കിട്ടുമെന്ന് മനസിലായ അഷീല്‍ പിണറായിയേയും സംഘത്തേയും ഞെട്ടിച്ച് ലോകാരോഗ്യ സംഘടനയില്‍ ഇന്‍ഞ്ചുറി ആന്റ് ഡിസേബിലിറ്റി പ്രിവന്‍ഷന്‍ ഓഫീസറായി ചുമതലയേറ്റു.

കോവിഡ് മരണ നിരക്ക് ഒളിപ്പിച്ചായിരുന്നു കെ.കെ. ശൈലജയുടെ കളികള്‍. യഥാര്‍ത്ഥ മരണ നിരക്ക് പ്രതിപക്ഷ നേതാവായ വി.ഡി സതീശന്‍ തെളിവുകള്‍ സഹിതം നിയമസഭയില്‍ കൊണ്ട് വന്നതോടെ കേരളം മുഴുവനും ഞെട്ടി. കോവിഡ് കാല മരണങ്ങളുടെ കണക്കിന്റെ വിവരവകാശ രേഖ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്ന് സതീശന്‍ സംഘടിപ്പിച്ചിരുന്നു.

സര്‍ക്കാരിന്റെ കണക്ക് സതീശന്‍ പുറത്ത് വിട്ടതോടെ ആരോഗ്യ വകുപ്പ് പ്രതികൂട്ടിലായി. ശൈലജ പ്രതിസ്ഥാനത്തും. കോവിഡ് കാല പര്‍ച്ചേസ് കൊള്ള പ്രതിപക്ഷം തെളിവ് സഹിതം ഉയര്‍ത്തി കൊണ്ട് വന്നതോടെ ശൈലജയുടെ മുഖം മൂടി പുറത്ത് വന്നു. ലോകായുക്തയില്‍ ഷൈലജയെ പ്രതിയാക്കി യു.ഡി.എഫ് കേസ് കൊടുത്തു. പര്‍ച്ചേസ് കൊള്ള തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വന്നതോടെ ടീച്ചറമ്മ വിളിപേര് ശൈലജയ്ക്ക് നഷ്ടപ്പെട്ടു. അഴിമതിക്കാരി എന്ന ഇമേജിലായി ഷൈലജ

താന്‍ ഒറ്റയ്ക്കല്ല എല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് ചെയ്തതെന്നായി ശൈലജ. ഇതോടെ പിണറായിയും പെട്ടു. നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാന്‍ പുസ്തകം എഴുത്തിലേക്ക് ശൈലജ കടന്നെങ്കിലും പുസ്തകം കേരളം ഏറ്റെടുക്കാഞ്ഞതോടെ അതും തിരിച്ചടിയായി. വീണ വിജയന്റെ മാസപ്പടി പിണറായിയുടെ തലയ്ക്ക് മുകളില്‍ ഡെമോ ക്ലേസിന്റെ വാളു പോലെ ആടുന്ന സമയത്താണ് ശൈലജ രണ്ടാം വരവിനായി ശ്രമിക്കുന്നത്. ലോകസഭയില്‍ കോണ്‍ഗ്രസും ബി ജെ പി യുമായി രാജ്യത്ത് ഏറ്റുമുട്ടുമ്പോള്‍ കേരളത്തില്‍ എല്‍.ഡി.എഫിന് ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ശൈലജക്ക് കൃത്യമായി അറിയാം.

എല്‍.ഡി എഫ് ലോകസഭയില്‍ ദയനീയമായി പരാജയപ്പെട്ടാല്‍ പിണറായിയുടെ കസേര ചോദ്യം ചെയ്യപ്പെടും. ശൈലജയുടെ ഉന്നം താനാണെന്ന കൃത്യമായി അറിയാവുന്ന പിണറായി ശൈലജയെ ലോകസഭയില്‍ മല്‍സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. വടകരയിലോ കണ്ണൂരിലോ ശൈലജയെ മല്‍സരിപ്പിക്കാനാണ് പിണറായി ആലോചിക്കുന്നത്. പിണറായിയുടെ കെണിയില്‍ പെടരുതെന്നാണ് ശൈലജക്ക് പുതിയ പി.ആര്‍. ടീമിന്റെ ഉപദേശം.

ഇമേജ് വീണ്ടെടുത്ത് പിണറായിക്ക് ബദല്‍ എന്ന തലത്തിലേക്ക് ശൈലജയെ ഉയര്‍ത്തി കൊണ്ടുവരാനുള്ള പി.ആര്‍ ടീമിന്റെ നീക്കം എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments