CricketSports

അന്ന് ഞാൻ യുവരാജിനെ വെട്ടി ധോണിയെ ഇറക്കി! 14 വർഷങ്ങൾക്ക് ശേഷം രഹസ്യം വെളിപ്പെടുത്തി സച്ചിൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ നിമിഷമായ 2011 ലോകകപ്പ് ഫൈനലിലെ നിർണായക തീരുമാനത്തിന് പിന്നിലെ രഹസ്യം 14 വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയിലാണ്, ഫോമിലായിരുന്ന യുവരാജ് സിംഗിന് മുൻപ് ക്യാപ്റ്റൻ എം.എസ്. ധോണിയെ ബാറ്റിംഗിനിറക്കാൻ നിർദേശിച്ചത് താനാണെന്ന് സച്ചിൻ സ്ഥിരീകരിച്ചത്.

വീരേന്ദർ സെവാഗിന്റെ മുൻ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്. “അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു,” സച്ചിൻ വിശദീകരിച്ചു.

“ഒന്നാമതായി, ഒരു ഇടംകയ്യൻ-വലംകയ്യൻ ബാറ്റിംഗ് കോമ്പിനേഷൻ ശ്രീലങ്കയുടെ ഓഫ് സ്പിന്നർമാരുടെ താളം തെറ്റിക്കാൻ ആവശ്യമായിരുന്നു. രണ്ടാമതായി, ലങ്കൻ ബൗളർ മുത്തയ്യ മുരളീധരൻ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി (2008-2010) കളിച്ചിരുന്നതിനാൽ, നെറ്റ്സിൽ മൂന്ന് സീസണുകളോളം ധോണി അദ്ദേഹത്തെ നേരിട്ട് കളിച്ച് പരിചയിച്ചിരുന്നു,” സച്ചിൻ പറഞ്ഞു.

സച്ചിന്റെ ഈ തന്ത്രം പൂർണ്ണമായും ഫലം കണ്ടു. മത്സരത്തിൽ പുറത്താകാതെ 91 റൺസ് നേടിയ ധോണി, സിക്സറടിച്ച് ഇന്ത്യക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.

ഏറ്റവും പ്രിയപ്പെട്ട ഇന്നിംഗ്സ്

തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിംഗ്സ് ഏതാണെന്ന ആരാധകന്റെ ചോദ്യത്തിനും സച്ചിൻ മറുപടി നൽകി. 2008-ൽ ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നേടിയ പുറത്താകാതെയുള്ള 103 റൺസാണ് ഏറ്റവും അർത്ഥവത്തായ ഇന്നിംഗ്‌സ് എന്ന് അദ്ദേഹം തിരഞ്ഞെടുത്തു. നാലാം ഇന്നിംഗ്‌സിൽ 387 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ആ സെഞ്ച്വറിക്ക് കഴിഞ്ഞിരുന്നു.