FinanceNews

ട്രംപിന്റെ അമിത താരിഫ്: കേരളത്തെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; മുട്ടുമടക്കരുതെന്ന് കേന്ദ്രത്തോട് ധനമന്ത്രി

തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ നയങ്ങൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ട്രംപിന്റെ നയങ്ങൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുകയും, തിരിച്ച് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയും ചെയ്യേണ്ടി വരും. ഇത് കേരളത്തിന്റെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളായ സമുദ്രോൽപ്പന്നങ്ങൾ, കശുവണ്ടി, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ, സോഫ്റ്റ്‌വെയർ എന്നിവയെ പ്രതികൂലമായി ബാധിക്കും.

ഇതിനെല്ലാം പുറമെ, കുറഞ്ഞ തീരുവയിൽ അമേരിക്കൻ കാർഷിക ഉത്പന്നങ്ങളും, പാലും, വിലകൂടിയ കാറുകളും ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത് ആഭ്യന്തര ഉത്പാദകരെ തകർക്കുമെന്നും, ഇത് വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആഭ്യന്തര നികുതിയായ ജി.എസ്.ടി.യിൽ പോലും മാറ്റങ്ങൾ വരുത്താൻ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുണ്ടാകുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് ആണവ പരീക്ഷണത്തിന്റെ പേരിലും ക്രയോജനിക് സാങ്കേതികവിദ്യ നിഷേധിച്ചപ്പോഴും ഉപരോധങ്ങളെ നേരിട്ട രാജ്യമാണ് ഇന്ത്യ. നമ്മുടെ വലിയ ആഭ്യന്തര വിപണിയും ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നേറ്റവും ഉപയോഗിച്ച് ഈ വെല്ലുവിളിയെയും അതിജീവിക്കാൻ സാധിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

“ട്രംപിന്റെ തീരുമാനം വലിയ രീതിയിൽ കേരളത്തെ ബാധിക്കും. കേന്ദ്രം ഇതിൽ മുട്ടുമടക്കരുത്. നമ്മുടെ വലിയ ആഭ്യന്തര വിപണിയും സാങ്കേതിക മുന്നേറ്റവും ഉപയോഗിച്ച് ഈ വെല്ലുവിളിയെ നേരിടാൻ സാധിക്കും,” കെ.എൻ. ബാലഗോപാൽ പറഞ്ഞു.