
റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഭാഗിക ഉടമസ്ഥാവകാശമുള്ളതിനാൽ യൂറോപ്യൻ യൂണിയന്റെ ഉപരോധം നേരിടുന്ന ഇന്ത്യൻ കമ്പനിയായ നയാര എനർജി, എണ്ണ ഇറക്കുമതി ചെയ്യാനും ശുദ്ധീകരിച്ച ഇന്ധനങ്ങൾ കയറ്റുമതി ചെയ്യാനും ‘നിഴൽ കപ്പൽ വ്യൂഹ’ത്തെ (Shadow Fleet) ആശ്രയിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഇന്ത്യയുടെ മൊത്തം എണ്ണ ശുദ്ധീകരണ ശേഷിയുടെ 8% വരുന്ന നയാര, ഉപരോധം വന്നതോടെ ഇന്ധനം കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയായിരുന്നു. ഇതേത്തുടർന്നാണ് നിഗൂഢമായ മാർഗ്ഗങ്ങൾ തേടാൻ കമ്പനി നിർബന്ധിതമായത്.
ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങൾ ഇന്ത്യ പാലിക്കാറുണ്ടെങ്കിലും, റഷ്യൻ എണ്ണയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഏകപക്ഷീയമായ ഉപരോധങ്ങൾ ഇന്ത്യ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഉപരോധം നേരിടുന്ന കപ്പലുകളിൽ എണ്ണ ഇറക്കുമതി ചെയ്യാനും ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനും ഇന്ത്യൻ റിഫൈനറികൾക്ക് സാധിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളെയാണ് ഷാഡോ ഫ്ലീറ്റ് അഥവാ ഡാർക്ക് ഫ്ലീറ്റ് എന്ന് വിളിക്കുന്നത്.
എന്താണ് ‘നിഴൽ കപ്പൽ വ്യൂഹം’?
ഷാഡോ ഫ്ലീറ്റ് എന്നത് പഴയ എണ്ണക്കപ്പലുകളുടെ ഒരു ശൃംഖലയാണ്. തങ്ങളുടെ യഥാർത്ഥ ഉടമ, സഞ്ചാരപാത, കൊണ്ടുപോകുന്ന ചരക്ക് എന്നിവയെല്ലാം മറച്ചുവെച്ച് അന്താരാഷ്ട്ര നിയമങ്ങളുടെയും ഉപരോധങ്ങളുടെയും കണ്ണുവെട്ടിച്ചാണ് ഇവയുടെ പ്രവർത്തനം. റഷ്യ, ഇറാൻ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഉപരോധം ലംഘിച്ച് എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും കടത്താൻ ഈ കപ്പലുകൾ സഹായിക്കുന്നു.
ഏകദേശം 1,200 മുതൽ 1,600 വരെ ടാങ്കറുകൾ ഈ നിഴൽ ശൃംഖലയുടെ ഭാഗമാണെന്നാണ് കണക്കുകൾ. ഇത് ലോകത്തിലെ മൊത്തം എണ്ണ ടാങ്കറുകളുടെ അഞ്ചിലൊന്ന് വരും.
എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്?
ഈ നിഴൽ കപ്പലുകൾ പല തന്ത്രങ്ങളും ഉപയോഗിച്ചാണ് നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കുന്നത്:
- ഐഡന്റിഫിക്കേഷൻ സംവിധാനം ഓഫ് ചെയ്യും: കപ്പലിന്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS) ഓഫ് ചെയ്ത് ‘അദൃശ്യരായി’ സഞ്ചരിക്കുന്നു.
- കടലാസ് കമ്പനികളുടെ പേരിലുള്ള രജിസ്ട്രേഷൻ: പാനമ, ലൈബീരിയ പോലുള്ള രാജ്യങ്ങളിലെ കടലാസ് കമ്പനികളുടെ പേരിൽ കപ്പലുകൾ രജിസ്റ്റർ ചെയ്യുന്നതിനാൽ യഥാർത്ഥ ഉടമകളെ കണ്ടെത്താൻ പ്രയാസമാണ്.
- കടലിൽ വെച്ച് ചരക്ക് കൈമാറ്റം: ഉപരോധം നേരിടുന്ന കപ്പലുകളിൽ നിന്ന് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് മറ്റ് കപ്പലുകളിലേക്ക് എണ്ണയും മറ്റും കൈമാറുന്നു. ഇത് ചരക്കിന്റെ ഉറവിടം മറച്ചുവെക്കാൻ സഹായിക്കുന്നു.
- പേരും പതാകയും മാറ്റും: നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കപ്പലിന്റെ പേരും രജിസ്റ്റർ ചെയ്ത രാജ്യത്തിന്റെ പതാകയും അടിക്കടി മാറ്റിക്കൊണ്ടിരിക്കും.
- വ്യാജ രേഖകൾ: ഇൻഷുറൻസ്, ചരക്കിന്റെ വിവരങ്ങൾ എന്നിവ സംബന്ധിച്ച് വ്യാജ രേഖകൾ ഉണ്ടാക്കി അധികൃതരെ കബളിപ്പിക്കുന്നു.
എന്തുകൊണ്ട് ഈ തന്ത്രം വിജയിക്കുന്നു?
റഷ്യയുടെ എണ്ണയ്ക്ക് ഉപരോധം കാരണം വലിയ വിലക്കിഴിവുണ്ട്. ഷാഡോ ഫ്ലീറ്റ് ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാൻ സാധിക്കുന്നു. ഈ മാർഗ്ഗത്തിലൂടെ മാത്രം റഷ്യ വർഷം തോറും 9-10 ബില്യൺ ഡോളർ അധിക വരുമാനം നേടുന്നതായാണ് കണക്ക്.
നിയന്ത്രണങ്ങളിലെ പഴുതുകളും ചില രാജ്യങ്ങളുടെ നിസ്സഹകരണവും ഈ ശൃംഖലയ്ക്ക് വളരാൻ സഹായകമായി. പാശ്ചാത്യ രാജ്യങ്ങൾ ജർമ്മനിയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഷാഡോ ഫ്ലീറ്റിന്റെ ആഗോള ശൃംഖലയും പ്രവർത്തനത്തിലെ നിഗൂഢതയും കാരണം ഇവയെ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ചുരുക്കത്തിൽ, പാശ്ചാത്യ രാജ്യങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന ഉപരോധങ്ങൾക്ക് പ്രായോഗികമായി എത്രത്തോളം പരിമിതികളുണ്ടെന്ന് ഈ ‘നിഴൽ കപ്പൽ വ്യൂഹം’ വ്യക്തമാക്കുന്നു.