സിഡ്‌നി: കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണറിന് നിരാശയോടെ മടക്കം. സിഡ്‌നിയിൽ പാകിസ്താനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനമാണ് ഓസീസിന് വാർണർ പുറത്തായത്. 68 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 34 റൺസ് മാത്രമായിരുന്നു വിരമിക്കൽ ടെസ്റ്റിലെ താരത്തിന്റെ സമ്പാദ്യം.
25-ാം ഓവറിലെ നാലാം പന്തിലാണ് സിഡ്‌നിയെ നിശബ്ദമാക്കി വാർണർ വീണത്. ഉസ്മാൻ ഖവാജയുമായി മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ശ്രമിക്കവേ സൽമാൻ അലി ആഗ മുൻ പാക് ക്യാപ്റ്റൻ ബാബർ അസമിന്റെ കൈകളിലെത്തിച്ച് വാർണറെ പുറത്താക്കുകയായിരുന്നു. 44-ാം ഓവറിൽ ഖവാജയ്ക്കും കൂടാരം കയറേണ്ടി വന്നു. അർധ സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെയാണ് ഖവാജ പോരാട്ടം അവസാനിപ്പിച്ചത്. ഓസീസ് സ്‌കോർ 100 കടത്തിയായിരുന്നു താരത്തിന്റെ മടക്കം.
ഒന്നാം ഇന്നിങ്‌സിൽ പാകിസ്താൻ നേടിയ 313 റൺസ് പിന്തുടരുകയാണ് ഓസീസ്. മൂന്നാം ടെസ്റ്റിലെ രണ്ടാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 47 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിലാണ് ഓസീസ്. നിലവിൽ മാർനസ് ലബുഷെയ്ൻ (23), സ്റ്റീവ് സ്മിത്ത് (6) എന്നിവരാണ് ക്രീസിൽ.
കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ടെങ്കിൽ 2025 ചാമ്പ്യൻസ് ട്രോഫി കളിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് 37കാരനായ വാർണർ ഏകദിനത്തിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. 2027വരെ ക്രിക്കറ്റിൽ സജീവമായിരിക്കുമെന്ന് ഓസ്‌ട്രേലിയയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം വാർണർ സൂചന നൽകിയിരുന്നു. ഇനി ടി20യിലും ഐപിഎല്ലിലും മാത്രമായിരിക്കും വാർണർ കളിക്കുക.