ഏഷ്യയിലെ ഏറ്റവും വലിയ സ്കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു.

24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും.

കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്‌സ് ജംക്‌ഷൻ മുതൽ ചിന്നക്കട വരെയുള്ള റോഡിൽ വൺവേ ട്രാഫിക്ക് മാത്രമേ അനുവദിക്കൂ. ഈ റോഡിലൂടെ കെഎസ്ആർടിസി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ അനുവദിക്കില്ല.

വേദികൾക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാർക്കിങ് സൗകര്യം. നഗരത്തിൽ ടൗൺ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളെ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ഇവ നിർബന്ധമായും മീറ്റർ പ്രവർത്തിപ്പിക്കണമെന്നും നിർദേശമുണ്ട്.

മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, ഗണേശ് കുമാർ, കെ രാജൻ, എന്നിവരും കൊടിക്കുന്നിൽ സുരേഷ് എം പി, മുകേഷ് എംഎൽഎ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നടി നിഖിലാ വിമൽ ചടങ്ങിൽ മുഖ്യാതിഥിയായി.

‘മത്സരത്തിൽ പങ്കെടുക്കലാണ് ഏറ്റവും പ്രധാനമെന്ന് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഓർക്കണം. ഇത് കൗമാര മനസുകളുടെ ഉത്സവമാണ്. അതിനാൽ അനാരോഗ്യകരമായ മത്സരബോധം കൊണ്ട് ആ മനസുകളെ കലുഷിതമാക്കരുത്. കുട്ടികളുടെ കലാമത്സരമായി തന്നെ രക്ഷിതാക്കൾ ഇതിനെ കാണണം. ഇന്ന് പിന്നിലായവരാകും നാളെ മുന്നിലെത്തുന്നത്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവമായി നമ്മുടെ കലോത്സവം മാറിയിരിക്കുകയാണ്. ‘- മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ഇനി അഞ്ച് നാൾ കൊല്ലം നഗരം പതിനാലായിരത്തോളം കലാപ്രതിഭകളുടെ സംഗമകേന്ദ്രമാകും. മത്സരാർഥികളും എസ്‌കോർട്ടിംഗ് അദ്ധ്യാപകരും രക്ഷിതാക്കളുമടക്കം ഇരുപതിനായിരത്തിൽ അധികം പേർ എട്ട് വരെ കൊല്ലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലകളിൽ നിന്നുള്ള പതിനായിരക്കണക്കിന് കാണികളെയും പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർക്ക് വേണ്ടിയുള്ള മുറികൾ സജ്ജമാക്കിക്കഴിഞ്ഞു. അവരെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഹെൽപ്പ് ഡെസ്‌കുകൾ ക്രമീകരിച്ചിട്ടുണ്ട്.

കുടിവെള്ളം, ആതുരസേവന സൗകര്യം എന്നിവ ഓരോ വേദികളിലും ഏർപ്പാടാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൂടി സഹായത്തോടെയാണ് മെഡിക്കൽ ടീമിന്റെ സേവനം. ആംബുലൻസ് സേവനവും വേദികളിൽ ഉണ്ടാകും. എല്ലാ വേദികളിലും കുടിവെള്ളവും ഫയർ ആൻഡ് റെസ്‌ക്യു ടീമിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ ജീവനക്കാരുണ്ടാകും