
ഗതാഗത പിഴ അടയ്ക്കാൻ വൈകിയാൽ കീശ കാലിയാകും; കോടതിയിലെത്തിയാൽ ഇളവില്ല, നൽകേണ്ടി വരുന്നത് ഇരട്ടിത്തുക
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴ അടയ്ക്കാൻ വൈകരുതേ, അല്ലെങ്കിൽ നിങ്ങളുടെ കീശ കാലിയാകും. മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തുന്ന പിഴ, കേസ് കോടതിയിലേക്ക് കൈമാറുന്നതിന് മുൻപ് അടച്ചാൽ സംസ്ഥാന സർക്കാർ അനുവദിച്ച ഇളവ് പ്രയോജനപ്പെടുത്താം. എന്നാൽ, 90 ദിവസത്തിന് ശേഷം കേസ് വെർച്വൽ കോടതിയിലേക്ക് മാറിയാൽ കേന്ദ്ര മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന മുഴുവൻ പിഴയും അടയ്ക്കേണ്ടി വരും.
കേന്ദ്ര സർക്കാർ 2019-ൽ മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് പിഴത്തുക കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ, പൊതുജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത്, കേസ് ഒത്തുതീർപ്പാക്കാനുള്ള (കോമ്പൗണ്ടിങ്) അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ പല നിയമലംഘനങ്ങൾക്കുമുള്ള പിഴത്തുക പകുതിയോളം കുറച്ചിരുന്നു. ഈ ഇളവ് പോലീസിനും മോട്ടോർ വാഹന വകുപ്പിനും നേരിട്ട് പിഴ ഈടാക്കുമ്പോൾ മാത്രമാണ് ബാധകമാകുന്നത്. കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ, കേന്ദ്ര നിയമത്തിലെ ഉയർന്ന തുക തന്നെ പിഴയായി അടയ്ക്കാൻ കോടതികൾ നിർദ്ദേശിക്കുന്നതാണ് പൊതുജനങ്ങൾക്ക് തിരിച്ചടിയാകുന്നത്.
ഉദാഹരണത്തിന്, ഹെൽമെറ്റ് ധരിക്കാത്തതിനോ സീറ്റ് ബെൽറ്റ് ഇടാത്തതിനോ സംസ്ഥാനത്ത് ഈടാക്കുന്ന കുറഞ്ഞ പിഴ 500 രൂപയാണ്. എന്നാൽ ഈ കേസ് കോടതിയിലെത്തിയാൽ പിഴ 1000 രൂപയായി ഉയരും. അതുപോലെ, ആദ്യ തവണത്തെ അമിതവേഗത്തിന് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് സംസ്ഥാനം ഈടാക്കുന്നത് 1500 രൂപയാണ്. കോടതിയിൽ ഇത് 2000 രൂപ നൽകേണ്ടി വരും. മീഡിയം, ഹെവി വാഹനങ്ങൾക്ക് ഇത് 3000 രൂപയിൽ നിന്ന് 4000 രൂപ വരെയായി ഉയരാം.
പിഴയുണ്ടോ എന്ന് പരിശോധിച്ച് ഉടൻ അടയ്ക്കുക
നിയമലംഘനം കണ്ടെത്തിയാൽ 90 ദിവസത്തിനകം കേസ് കോടതിക്ക് കൈമാറണമെന്നാണ് ചട്ടം. അതിനാൽ, പിഴ അടയ്ക്കാൻ വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. നിങ്ങളുടെ വാഹനത്തിന് പിഴയുണ്ടോ എന്ന് പരിശോധിക്കാനും ഓൺലൈനായി അടയ്ക്കാനും പരിവാഹൻ വെബ്സൈറ്റ് (https://echallan.parivahan.gov.in) സന്ദർശിച്ച് വാഹനത്തിന്റെ നമ്പർ നൽകിയാൽ മതി. പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ, കോടതിയിലേക്ക് കേസ് കൈമാറുന്നതിന് മുൻപ് ഓൺലൈനായി അടച്ച് പണം ലാഭിക്കാവുന്നതാണ്.