Business

ഇന്ത്യൻ വിപണി കീഴടക്കി ആപ്പിൾ; ഏറ്റവും കൂടുതൽ വിറ്റഴിച്ചത് ഐഫോൺ 16; ആറ് മാസത്തിൽ നേടിയത് 59 ലക്ഷത്തിന്റെ വിൽപ്പന

ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിച്ച് ആപ്പിൾ. 2025-ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ 59 ലക്ഷം ഐഫോണുകൾ വിറ്റഴിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (IDC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോൺ മോഡൽ ഐഫോൺ 16 ആണ്.

വിലയെ പ്രധാന ഘടകമായി കാണുന്ന ഇന്ത്യൻ വിപണിയിൽ, പ്രീമിയം വിഭാഗത്തിൽ ആപ്പിൾ കൈവരിച്ച ഈ നേട്ടം ശ്രദ്ധേയമാണ്. 50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള ഫോണുകൾ വിൽക്കുന്ന വിപണിയുടെ നാല് ശതമാനം ആപ്പിളിന്റെ കയ്യിലാണ്. 2025-ന്റെ ആദ്യ പാദത്തിൽ 7 കോടി സ്മാർട്ട്ഫോണുകളും രണ്ടാം പാദത്തിൽ 3.7 കോടി സ്മാർട്ട്ഫോണുകളുമാണ് ഇന്ത്യയിൽ ആകെ വിറ്റഴിഞ്ഞത്. ഇതിൽ 50,000 രൂപ മുതൽ 70,000 രൂപ വരെയുള്ള പ്രീമിയം വിഭാഗത്തിൽ, ഐഫോൺ 16, ഐഫോൺ 15 മോഡലുകൾ ചേർന്ന് ഏകദേശം 60 ശതമാനം വിഹിതം സ്വന്തമാക്കി.

70,000 രൂപയ്ക്ക് മുകളിലുള്ള അൾട്രാ പ്രീമിയം വിഭാഗത്തിൽ സാംസങ്ങുമായി കടുത്ത മത്സരമാണ് ആപ്പിൾ കാഴ്ചവെക്കുന്നത്. സാംസങ്ങിന് 49 ശതമാനം വിപണി വിഹിതമുള്ളപ്പോൾ, 48 ശതമാനവുമായി ആപ്പിൾ തൊട്ടുപിന്നിലുണ്ട്. സാംസങ് ഗാലക്സി S25, ആപ്പിൾ ഐഫോൺ 16 പ്ലസ് എന്നിവയാണ് ഈ വിഭാഗത്തിൽ മുന്നിട്ടുനിൽക്കുന്നത്. ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ ശരാശരി വിൽപ്പന വില (ASP) 24,000 രൂപയായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.8 ശതമാനം കൂടുതലാണ്.

അതേസമയം, ഏറ്റവും കൂടുതൽ ഫോണുകൾ വിറ്റഴിച്ചതിന്റെ അടിസ്ഥാനത്തിൽ വിവോ തുടർച്ചയായ ആറാം പാദത്തിലും ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സാംസങ് രണ്ടാമതും ഓപ്പോ മൂന്നാമതുമെത്തി. 10,000 രൂപയിൽ താഴെയുള്ള ബഡ്ജറ്റ് ഫോണുകളുടെ വിഭാഗത്തിൽ ഷവോമിയാണ് ആധിപത്യം പുലർത്തുന്നത്.

വിപണിയെ സ്വാധീനിക്കാൻ ഐഫോൺ 17 എത്തുമോ?

ഈ വർഷത്തിന്റെ അവസാന പാദത്തിൽ വിപണിയിൽ നേരിയ ഇടിവുണ്ടായേക്കാമെന്ന് ഐഡിസി പ്രവചിക്കുന്നു. എന്നാൽ, ആപ്പിളിന്റെ പുതിയ ഐഫോൺ 17 സീരീസിന്റെ വരവ് ഈ സാഹചര്യത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. പുതിയ ‘ഐഫോൺ 17 എയർ’ എന്ന മോഡലിന്റെ അവതരണവും പ്രോ വേരിയന്റുകളിലെ ഡിസൈൻ മാറ്റങ്ങളും ഉപഭോക്താക്കൾക്കിടയിൽ വലിയ താൽപ്പര്യം സൃഷ്ടിക്കുമെന്നും ഇത് വിൽപ്പനയെ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.