
കാമുകനൊപ്പം ജീവിക്കാൻ കൊടുംക്രൂരത; ഭക്ഷണത്തിൽ 10 ഉറക്കഗുളിക, ഉറങ്ങിക്കിടന്ന ഭർത്താവിനെ തലയണ അമർത്തി കൊന്നു
ഹൈദരാബാദ്: കാമുകനൊപ്പം ജീവിക്കുന്നതിനായി യുവതി ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഭക്ഷണത്തിൽ പത്തോളം ഉറക്കഗുളികകൾ കലർത്തി നൽകി മയക്കിയ ശേഷം, ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ കാമുകന്റെ സഹായത്തോടെ തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
ശ്രീകാകുളം പാതപട്ടണം സ്വദേശി നല്ലി രാജു (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മൗനിക (25), ഇവരുടെ കാമുകൻ ഗുണ്ടു ഉദയകുമാർ, ഇയാളുടെ സുഹൃത്ത് മല്ലികാർജുൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് വർഷം മുൻപാണ് രാജുവും മൗനികയും വിവാഹിതരായത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.
ഇതിനിടെയാണ് മൗനിക അതേ നാട്ടുകാരനായ ഉദയകുമാറുമായി അടുപ്പത്തിലായത്. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രാജു, ബന്ധത്തിൽ നിന്ന് പിന്മാറാൻ മൗനികയ്ക്ക് താക്കീത് നൽകിയിരുന്നു. എന്നാൽ ഇത് വകവെക്കാതെ മൗനിക ബന്ധം തുടർന്നു. ഒടുവിൽ ഭർത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു.
പദ്ധതിയനുസരിച്ച്, കഴിഞ്ഞ 5-ന് രാത്രി മൗനിക ഭക്ഷണത്തിൽ ഉറക്കഗുളികകൾ പൊടിച്ച് ചേർത്ത് രാജുവിന് നൽകി. ഭക്ഷണം കഴിച്ച് അബോധാവസ്ഥയിലായ രാജു ഉറങ്ങാൻ മുറിയിലേക്ക് പോയതോടെ, മൗനിക കാമുകനെ വിവരം അറിയിച്ചു. സുഹൃത്ത് മല്ലികാർജുനൊപ്പം വീട്ടിലെത്തിയ ഉദയകുമാർ, ഉറങ്ങിക്കിടന്ന രാജുവിന്റെ മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.
തുടർന്ന് ഉദയകുമാറും മല്ലികാർജുനും ചേർന്ന് മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി ഒരു ജനവാസ മേഖലയിൽ ഉപേക്ഷിച്ചു. ഇതിന് പിന്നാലെ, പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് മൗനിക ബന്ധുക്കളെയും പോലീസിനെയും വിവരമറിയിച്ച് നാടകം കളിച്ചു.
പിറ്റേദിവസം രാവിലെ മൃതദേഹം കണ്ടെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കൊലപാതകം നടന്ന ദിവസം രാത്രി ഉദയകുമാർ ഒരു ചാക്കുമായി ബൈക്കിൽ സംശയാസ്പദമായി സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇയാളെയും മൗനികയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ, മൗനിക കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.