
വർക്കല (തിരുവനന്തപുരം): വർക്കല എക്സൈസ് ഓഫീസിൽ മദ്യപിച്ചെത്തി ഡ്യൂട്ടിക്ക് ഹാജരായ പ്രിവന്റീവ് ഓഫീസർ മേലുദ്യോഗസ്ഥനുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടു. എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പ്രിവന്റീവ് ഓഫീസർ ജസീനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമായിരുന്നു നാടകീയ സംഭവങ്ങൾ.
മഫ്തിയിൽ പരിശോധനയ്ക്ക് തയ്യാറാകാൻ ഇൻസ്പെക്ടർ സൂര്യനാരായണൻ സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സമയത്താണ് ജസീൻ മദ്യപിച്ച് ഓഫീസിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഇൻസ്പെക്ടർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും പിന്നാലെ ജസീൻ ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ഓഫീസിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് ജസീനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്മാറാൻ തയ്യാറായില്ല. ഇതോടെ ഇൻസ്പെക്ടർ സൂര്യനാരായണൻ വർക്കല പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സ്ഥലത്തെത്തി ജസീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുകയും മേലുദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് ജസീനെതിരെ കേസെടുക്കുമെന്ന് വർക്കല പോലീസ് അറിയിച്ചു. വകുപ്പുതല നടപടികളും ഇയാൾക്കെതിരെ ഉണ്ടാകുമെന്നാണ് സൂചന.