IndiaNews

‘ഇത് മഞ്ഞുമലയുടെ അറ്റം മാത്രം’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകളുമായി കോൺഗ്രസ്, വോട്ടർ പട്ടികയിൽ വൻ ക്രമക്കേട്

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചതിന് പിന്നാലെ, ആരോപണങ്ങൾ ശരിവെക്കുന്ന കൂടുതൽ തെളിവുകൾ പാർട്ടി പുറത്തുവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയാണ് രാജ്യവ്യാപകമായി വോട്ട് കവർച്ച നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ആയിരക്കണക്കിന് വ്യാജ വിലാസങ്ങൾ അടങ്ങിയ വോട്ടർ പട്ടികയുടെ വീഡിയോ സഹിതം കോൺഗ്രസ് പുതിയ തെളിവുകൾ പുറത്തുവിട്ടത്. “തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നടക്കുന്ന വോട്ട് മോഷണത്തിന്റെ രീതികൾ രാഹുൽ ഗാന്ധി അടുത്തിടെ തുറന്നുകാട്ടിയിരുന്നു. ഇതാ അതിനുള്ള തെളിവ്,” എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

“താഴെ കാണുന്ന പട്ടികയിൽ 30,000-ൽ അധികം വ്യാജ വിലാസങ്ങളുണ്ട്. അവയിൽ ഭൂരിഭാഗവും ‘ഹൗസ് നമ്പർ 0′, ’00’, ‘000’ എന്നിങ്ങനെയുള്ളവയാണ്. ബാക്കിയുള്ള 9,000 വിലാസങ്ങളിൽ ഭൂരിഭാഗവും സ്ഥലപ്പേരുകൾ മാത്രമാണ്. ഇപ്പോൾ കാര്യം പിടികിട്ടിയോ?” എന്ന് കോൺഗ്രസ് പോസ്റ്റിൽ ചോദിക്കുന്നു.

ഇത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, ഒരു ലോക്സഭാ മണ്ഡലത്തിലെ ഒരേയൊരു നിയമസഭാ സെഗ്‌മെന്റിലെ മാത്രം കണക്കാണിതെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ രാജ്യത്തുടനീളം എത്ര വ്യാജ വിലാസങ്ങൾ കണ്ടെത്താനാകുമെന്ന ഗൗരവമേറിയ ചോദ്യവും പാർട്ടി ഉന്നയിക്കുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും, വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.