
തിരുവനന്തപുരം: രാജ്യത്തിന്റെ സമുദ്രവ്യാപാര ഭൂപടത്തിൽ ചരിത്രം കുറിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്. ഏകദേശം 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അടുത്ത മാസം തുടക്കമാകുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.
ഒന്നാംഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, രണ്ടാംഘട്ട വികസനത്തിനുള്ള മുഴുവൻ തുകയും നിർമ്മാണക്കമ്പനിയായ അദാനി പോർട്സ് ആൻഡ് സെപെഷ്യൽ ഇക്കണോമിക് സോൺ (APSEZ) തന്നെയാകും മുടക്കുക.
2024 ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയതുമുതൽ ഒരു ദശലക്ഷത്തിനടുത്ത് കണ്ടെയ്നറുകൾ (ടി.ഇ.യു) കൈകാര്യം ചെയ്ത തുറമുഖം, നിലവിലെ ശേഷിയുടെ പരമാവധി ഉപയോഗത്തിലെത്തിയ സാഹചര്യത്തിലാണ് അതിവേഗം രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. 2028-ഓടെ രണ്ടാംഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
രണ്ടാം ഘട്ടത്തിലെ കുതിപ്പ്
രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ മുഖച്ഛായ തന്നെ മാറും. നിലവിലെ 800 മീറ്റർ കണ്ടെയ്നർ ബെർത്തിന്റെ നീളം 2000 മീറ്ററായി വർധിക്കും. ഇതോടെ ഒരേസമയം ഒരു മദർഷിപ്പും രണ്ട് ചെറിയ കപ്പലുകളും (ഫീഡർ വെസൽ) കൈകാര്യം ചെയ്യുന്ന സ്ഥാനത്ത്, മൂന്ന് കൂറ്റൻ മദർഷിപ്പുകളെയും നിരവധി ഫീഡർ വെസലുകളെയും ഒരേസമയം ഉൾക്കൊള്ളാൻ തുറമുഖത്തിന് സാധിക്കും.
കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവർഷം 4.5 ദശലക്ഷം ടി.ഇ.യു ആയി ഉയരും. ഇതുകൂടാതെ, ചരക്ക് കപ്പലുകൾക്കായി ഒരു ബ്രേക്ക്-ബൾക്ക് ബെർത്തും, എണ്ണ ടാങ്കറുകൾക്കായി പ്രത്യേക ബെർത്തും, കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യവും രണ്ടാംഘട്ടത്തിൽ ഒരുക്കും.
എക്സിം ചരക്കുകളിൽ പ്രതീക്ഷ
നിലവിൽ വിഴിഞ്ഞം കൈകാര്യം ചെയ്യുന്ന ചരക്കുകളെല്ലാം മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്ന ട്രാൻസ്ഷിപ്പ്മെന്റ് കാർഗോയാണ്. എന്നാൽ, റോഡ്-റെയിൽ ബന്ധം മെച്ചപ്പെടുന്നതോടെ കയറ്റുമതി-ഇറക്കുമതി (എക്സിം) ചരക്കുകളുടെ അളവ് 20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ബാലരാമപുരം വരെ സർക്കാർ നിർമ്മിക്കുന്ന റെയിൽ പാത 2028-ഓടെ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാകും.
അന്താരാഷ്ട്ര കപ്പൽ ചാനലിനോട് ചേർന്നുള്ള കിടപ്പ്, 20 മീറ്റർ പ്രകൃതിദത്ത ആഴം, അത്യാധുനിക ഓട്ടോമേഷൻ സംവിധാനങ്ങൾ എന്നിവ വിഴിഞ്ഞത്തെ ലോകോത്തര ഹബ്ബാക്കി മാറ്റുകയാണ്. ഇന്ത്യയുടെ ചരക്കുനീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതുവഴിയുള്ള ഭീമമായ നഷ്ടം ഒഴിവാക്കാനും വിഴിഞ്ഞം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നു. രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ ആ ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടുതൽ അടുക്കും.