CrimeNews

കോട്ടയത്ത് വൻ കവർച്ച; 50 പവൻ കവർന്നു, പിന്നിൽ അന്യസംസ്ഥാന സംഘമെന്ന് സൂചന

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്തുള്ള വില്ലയിൽ വൻ കവർച്ച. വയോധികയും മകളും താമസിച്ചിരുന്ന വീട്ടിൽ നിന്ന് 50 പവൻ സ്വർണവും പണവും മോഷണം പോയി. വീട്ടുകാർ ആശുപത്രിയിൽ പോയ തക്കം നോക്കിയായിരുന്നു മോഷണം. സംഭവത്തിന് പിന്നിൽ അന്യസംസ്ഥാന സംഘമാണെന്ന് പോലീസ് സംശയിക്കുന്നു.

അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവർ താമസിക്കുന്ന വീട്ടിലാണ് ഇന്ന് പുലർച്ചെ കവർച്ച നടന്നത്. ഇന്നലെ രാത്രി അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും ആശുപത്രിയിൽ പോയിരുന്നു.

ഈ സമയത്ത് വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ, മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവരുകയായിരുന്നു. രാത്രി രണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ഊർജിതമാക്കി. ദൃശ്യങ്ങൾ മങ്ങിയതാണെങ്കിലും ഇത് കേസിൽ നിർണായകമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, പ്രതികൾ ഇതിനോടകം സംസ്ഥാനം വിട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q