കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേഷണക്കേസ് പ്രതി നൗഫലിനാണ് പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന് ആക്രമിച്ചെന്നാണ് മൊഴി. നൗഫലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാർ ഏറ്റുമുട്ടിയത്. സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
സമാനമയ രീതിയിൽ മുമ്പും കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാ കേസിലെ പ്രതികളാണ് അന്ന് ഏറ്റുമുട്ടിയത്. തൃശൂർ സ്വദേശികളായ സാജൻ, നെൽസൺ, അമർജിത്ത് എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തിരുന്നു. പത്താം ബ്ലോക്കിൽ കഴിഞ്ഞ വർഷം ആഗസ്ത് 23 നായിരുന്നു സംഭവം.
സാജനെ ശുചിമുറിയിലേക്ക് കൊണ്ടുപോയതിന് ശേഷം വാതിലടച്ച് പുറത്തുനിൽക്കുകയായിരുന്ന പൊലീസുകാരനെ ഭീഷണിപ്പെടുത്തി നെൽസൺ, അമർജിത്ത് എന്നിവർ ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ സംഘർമുണ്ടാകുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു.