
സിവിൽ സർവ്വീസ് വിജയികൾക്ക് കേരളത്തിന്റെ ആദരം; മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും
സിവിൽ സർവ്വീസസ് വിജയികളെ അനുമോദിക്കുന്നു. 2024 – ലെ സിവിൽ സർവ്വീസ് പരീക്ഷയിലും (43 പേർ), ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷയിലും (2 പേർ) കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ നിന്നും പരിശീലനം നേടി വിജയിച്ച മലയാളികളായ 45 വിദ്യാർത്ഥികളെ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ അനുമോദിക്കുന്നു.
ആഗസ്റ്റ് 9 ന് വൈകുന്നേരം 6 ന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കും. അനുമോദന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ച് വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ & സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള ഡയറക്ടർ (ഇൻചാർജ്) സുധീർ. കെ തുടങ്ങിയവർ പങ്കെടുക്കും.