BusinessNews

മസ്കിനെ പിടിച്ചുനിർത്താൻ ടെസ്‌ല; നൽകുന്നത് 2.5 ലക്ഷം കോടിയുടെ ഓഹരികൾ, ഓഹരി ഉടമകൾക്ക് ആശങ്ക

ന്യൂയോർക്ക്: ടെസ്‌ലയുടെ അമരത്ത് തുടരാൻ സിഇഒ ഇലോൺ മസ്കിന് 30 ബില്യൺ ഡോളർ (ഏകദേശം 2.5 ലക്ഷം കോടി രൂപ) വിലമതിക്കുന്ന 96 ദശലക്ഷം പുതിയ ഓഹരികൾ നൽകാൻ കമ്പനി തീരുമാനം. നേരത്തെ മസ്കിന് അനുവദിച്ച 50 ബില്യൺ ഡോളറിന്റെ ശമ്പള പാക്കേജ് നിയമവിരുദ്ധമാണെന്ന് കണ്ട് ഡെലവെയർ കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ തുടർന്ന് മസ്ക് കമ്പനി വിടുമോ എന്ന ആശങ്കകൾക്കിടയിലാണ് അദ്ദേഹത്തെ പിടിച്ചുനിർത്താനുള്ള ടെസ്‌ലയുടെ പുതിയ നീക്കം.

മസ്കില്ലാതെ എന്ത് ടെസ്‌ല?

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ, ടെസ്‌ലയുടെ ഏറ്റവും വലിയ മുതൽക്കൂട്ട് മസ്ക് തന്നെയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. അദ്ദേഹത്തെ കമ്പനിയിൽ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ടെസ്‌ലയുടെ ഓഹരി വില ഇടിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്രയും വലിയൊരു പാക്കേജ് നൽകുന്നതിൽ മറ്റ് ഓഹരി ഉടമകൾക്ക് കടുത്ത ആശങ്കയുണ്ട്.

2018 മുതൽ മസ്കിന് ടെസ്‌ലയിൽ നിന്ന് ശമ്പളം ലഭിച്ചിട്ടില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനൊപ്പം, 2030 വരെ അദ്ദേഹത്തെ കമ്പനിയിൽ ഉറപ്പിച്ചു നിർത്തുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നവംബറിൽ ചേരുന്ന ഓഹരി ഉടമകളുടെ യോഗത്തിലുണ്ടാകും.