BusinessNews

അനിൽ അംബാനിക്ക് വീണ്ടും കുരുക്ക്; ബാങ്കുകൾക്ക് നോട്ടീസ്; റിലയൻസ് കമ്പനികളുടെ വായ്പകളിൽ ഇഡി അന്വേഷണം

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുടെ കമ്പനികൾക്ക് നൽകിയ വായ്പകളെക്കുറിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ഊർജ്ജിതമാക്കി. റിലയൻസ് ഹൗസിംഗ് ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നീ കമ്പനികൾക്ക് അനുവദിച്ച വായ്പകളുടെ വിശദാംശങ്ങൾ തേടി ഇഡി വിവിധ ബാങ്കുകൾക്ക് കത്തയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പിന്നീട് കിട്ടാക്കടമായി (Non-Performing Assets) മാറിയ ഈ വായ്പകളുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം. വായ്പ അനുവദിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങൾ, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന്റെ സമയക്രമം, തുടർന്ന് സ്വീകരിച്ച റിക്കവറി നടപടികൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ബാങ്കുകളിൽ നിന്ന് തേടിയിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ചില ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് കേന്ദ്ര ഏജൻസിയുടെ പുതിയ നീക്കം. ഇത് അനിൽ അംബാനിക്ക് പുതിയ തലവേദനയാകുമെന്നുറപ്പാണ്.