FinanceNews

ഇന്ത്യയിലെ സമ്പന്ന സംസ്ഥാനം ഗോവ; കേരളം 11-ാം സ്ഥാനത്ത്, ബീഹാർ ഏറ്റവും പിന്നിൽ

ന്യൂഡൽഹി: പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം ഗോവയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2023-24 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, 3.57 ലക്ഷം രൂപയാണ് ഗോവയിലെ ഒരാളുടെ ശരാശരി വാർഷിക വരുമാനം. അതേസമയം, വെറും 32,227 രൂപ പ്രതിശീർഷ വരുമാനവുമായി ബീഹാർ പട്ടികയിൽ ഏറ്റവും പിന്നിലാണ്. കേരളം 1.62 ലക്ഷം രൂപയുമായി പട്ടികയിൽ 11-ാം സ്ഥാനത്താണ്.

ലോക്സഭയിൽ എംപിമാരായ ഗിരിധാരി യാദവ്, ദിനേഷ് ചന്ദ്ര യാദവ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഈ കണക്കുകൾ അവതരിപ്പിച്ചത്.

സമ്പന്നതയിൽ മുന്നിൽ ഈ സംസ്ഥാനങ്ങൾ

ഗോവയ്ക്ക് പിന്നിൽ, സിക്കിം (₹2.92 ലക്ഷം), ഡൽഹി (₹2.71 ലക്ഷം), ചണ്ഡീഗഢ് (₹2.56 ലക്ഷം) എന്നിവയാണ് പ്രതിശീർഷ വരുമാനത്തിൽ മുന്നിട്ടുനിൽക്കുന്ന മറ്റ് പ്രദേശങ്ങൾ. കർണാടക (₹1.91 ലക്ഷം), തമിഴ്‌നാട് (₹1.79 ലക്ഷം), തെലങ്കാന (₹1.77 ലക്ഷം) തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചു.

വരുമാനത്തിൽ പിന്നിൽ

ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ബീഹാറിന് തൊട്ടുമുകളിലായി ഉത്തർപ്രദേശ് (₹50,341), ജാർഖണ്ഡ് (₹65,062), മണിപ്പൂർ (₹65,471) എന്നീ സംസ്ഥാനങ്ങളാണുള്ളത്.

രാജ്യത്തിന്റെ വരുമാനം കൂടി

കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തിന്റെ ശരാശരി പ്രതിശീർഷ വരുമാനം ഗണ്യമായി വർധിച്ചിട്ടുണ്ട്. 2014-15-ൽ 72,805 രൂപയായിരുന്നത്, 2024-25-ൽ 1,14,710 രൂപയായാണ് ഉയർന്നതെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്കുകൾ പറയുന്നു. എന്നാൽ, ഈ വളർച്ച എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയല്ലെന്നും, വ്യാവസായിക അടിത്തറ, സാമ്പത്തിക വികസനത്തിലെ നിലവാരം, ഭരണമികവ് എന്നിവയിലെ വ്യത്യാസങ്ങളാണ് ഈ അസമത്വത്തിന് കാരണമെന്നും മന്ത്രി വിശദീകരിച്ചു.


2023-24 സാമ്പത്തിക വർഷത്തിലെ പ്രതിശീർഷ വരുമാനം (സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും)

സംസ്ഥാനം/കേന്ദ്രഭരണ പ്രദേശംപ്രതിശീർഷ വരുമാനം (₹)
ഗോവ3,57,611
സിക്കിം2,92,339
ഡൽഹി2,71,490
ചണ്ഡീഗഢ്2,56,912
ഹരിയാന1,82,816
കർണാടക1,91,970
തമിഴ്‌നാട്1,79,732
തെലങ്കാന1,77,000
ആൻഡമാൻ നിക്കോബാർ1,77,335
മഹാരാഷ്ട്ര1,66,013
കേരളം1,62,040
ഹിമാചൽ പ്രദേശ്1,54,330
മിസോറാം1,52,363
ഉത്തരാഖണ്ഡ്1,50,931
പുതുച്ചേരി1,45,921
പഞ്ചാബ്1,29,561
ആന്ധ്രാപ്രദേശ്1,31,083
അരുണാചൽ പ്രദേശ്1,11,107
ഗുജറാത്ത്95,617
ഒഡീഷ99,396
രാജസ്ഥാൻ90,414
നാഗാലാൻഡ്81,158
ജമ്മു & കാശ്മീർ76,653
പശ്ചിമ ബംഗാൾ77,933
അസം75,938
മേഘാലയ74,489
മധ്യപ്രദേശ്67,301
ജാർഖണ്ഡ്65,062
മണിപ്പൂർ65,471
ഛത്തീസ്ഗഢ്61,122
ത്രിപുര59,725
ഉത്തർപ്രദേശ്50,341
ബീഹാർ32,227