Gulf

യുഎഇയിൽ ഇനി ഒടിപി ഇല്ല; ബാങ്ക് ഇടപാടുകൾക്ക് ആപ്പ് വഴി സ്ഥിരീകരണം, പുതിയ നിയമം ജൂലൈ 25 മുതൽ

ദുബായ്: യുഎഇയിലെ ബാങ്കിംഗ് ഇടപാടുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി, ഒടിപി (വൺ-ടൈം പാസ്‌വേഡ്) സംവിധാനം ഘട്ടം ഘട്ടമായി നിർത്തലാക്കുന്നു. ജൂലൈ 25 മുതൽ, ഓൺലൈൻ പണമിടപാടുകൾക്ക് എസ്എംഎസ്, ഇ-മെയിൽ എന്നിവ വഴി ലഭിക്കുന്ന ഒടിപിക്ക് പകരം, ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി നേരിട്ടുള്ള സ്ഥിരീകരണം (in-app confirmation) നിർബന്ധമാക്കും.

യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് ഈ മാറ്റമെന്ന് ‘എമാറാത്ത് അൽ യൗം’ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ എല്ലാ പ്രാദേശിക, അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കും പുതിയ നിയമം ബാധകമാകും.

എന്തുകൊണ്ട് ഈ മാറ്റം?

എസ്എംഎസ്, ഇ-മെയിൽ എന്നിവ വഴി ലഭിക്കുന്ന ഒടിപികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ സുരക്ഷാ നീക്കം. മൊബൈൽ ആപ്ലിക്കേഷൻ വഴി നേരിട്ടുള്ള സ്ഥിരീകരണം, ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ നൽകുമെന്നും, തട്ടിപ്പുകൾ കുറയ്ക്കാൻ സഹായിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

ഉപഭോക്താക്കൾ തങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളിൽ ഈ പുതിയ സംവിധാനം എനേബിൾ ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായായിരിക്കും പുതിയ നിയമം രാജ്യത്തെ എല്ലാ ബാങ്കുകളിലും നടപ്പിലാക്കുക.