
സ്കൂൾ ഉച്ചഭക്ഷണം: മെനു മാറി, മുട്ട പുറത്തായി; ഓഗസ്റ്റ് 1 മുതൽ പുതിയ വിഭവങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു. വെജിറ്റബിൾ ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയ പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തിയപ്പോൾ, നേരത്തെ നിർദ്ദേശിച്ചിരുന്ന മുട്ട വിഭവങ്ങളെ പൂർണ്ണമായി ഒഴിവാക്കി. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ മെനു അനുസരിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദ്ദേശം നൽകി.
പുതിയ മെനുവിലെ പ്രധാന മാറ്റങ്ങൾ
ചോറിന് പുറമെ, ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, ലെമൺ റൈസ്, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലും ഒന്ന് നിർബന്ധമായും നൽകണം. ഇതിനൊപ്പം വെജിറ്റബിൾ കറിയോ കുറുമയോ ഉണ്ടാകണം. മാസത്തിൽ ഒന്നോ രണ്ടോ തവണ ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളും ഉൾപ്പെടുത്തണം. ശർക്കരയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കണമെന്നും, പഞ്ചസാര നാമമാത്രമായി മാത്രം ഉപയോഗിക്കണമെന്നും പുതിയ സർക്കുലറിൽ പറയുന്നു.
മുട്ട വിഭവങ്ങൾ പുറത്ത്
നേരത്തെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട് മെനുവിൽ എഗ് റൈസ്, മുട്ട അവിയൽ, മുട്ട റോസ്റ്റ് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സർക്കുലറിൽ മുട്ട വിഭവങ്ങളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഇത് ആശയക്കുഴപ്പത്തിനും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
ചെലവ് കണ്ടെത്തണം പഴയ ഫണ്ടിൽ നിന്ന്
പുതിയ വിഭവങ്ങൾ തയ്യാറാക്കാൻ അധിക തുക അനുവദിച്ചിട്ടില്ല. നിലവിൽ ലോവർ പ്രൈമറിയിൽ ഒരു കുട്ടിക്ക് 6.78 രൂപയും, അപ്പർ പ്രൈമറിയിൽ 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകുന്നത്. ഈ തുകയിൽ നിന്നുതന്നെ വേണം പുതിയ വിഭവങ്ങൾക്കുള്ള ചെലവ് കണ്ടെത്താൻ. നിലവിലെ ഫണ്ട് അപര്യാപ്തമാണെന്ന് സ്കൂൾ അധികൃതർ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ, പുതിയ മെനു നടപ്പിലാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.