
BSNL തലപ്പത്ത് വൻ അഴിച്ചുപണി; 13 ഉന്നത ഉദ്യോഗസ്ഥർക്ക് ഉടൻ പ്രാബല്യത്തിൽ സ്ഥലംമാറ്റം
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ (ബിഎസ്എൻഎൽ) വീണ്ടും കൂട്ട സ്ഥലംമാറ്റം. പ്രിൻസിപ്പൽ ജനറൽ മാനേജർ (പിജിഎം), ജനറൽ മാനേജർ (ജിഎം) തലത്തിലുള്ള 13 ഇന്ത്യൻ ടെലിക്കമ്മ്യൂണിക്കേഷൻ സർവീസസ് (ഐടിഎസ്) ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജൂലൈ 15-ന് പുറത്തിറക്കിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നു.
839 എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നടപടി. സ്ഥാനക്കയറ്റത്തിന്റെയും ഒരേ തസ്തികയിൽ ദീർഘകാലം പൂർത്തിയാക്കിയതിന്റെയും ഭാഗമായായിരുന്നു മുൻപ് നടന്ന കൂട്ട സ്ഥലംമാറ്റം. സഞ്ജീവ് നരംഗ്, ലോകേഷ് കുമാർ, രാജീവ ശ്രീവാസ്തവ, ശ്രീനിവാസ് യു, രാജേഷ് വർമ്മ, ശ്രീധർ വി തുടങ്ങിയ പ്രമുഖർ പുതുതായി സ്ഥലംമാറ്റം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ, കേന്ദ്ര ടെലികോം വകുപ്പും (DoT) ചില ഐടിഎസ് ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
4ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിച്ച് വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബിഎസ്എൻഎല്ലിലെ ഈ അഴിച്ചുപണി. വരുമാനം ഉണ്ടാക്കുന്ന തസ്തികകളിൽ പ്രഥമ പരിഗണന നൽകി നിയമനങ്ങൾ നടത്തണമെന്ന് ചീഫ് ജനറൽ മാനേജർമാർക്ക് (സിജിഎം) നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ വരുമാനത്തിൽ 20 ശതമാനം വർധനയാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇതിൽ 10 ശതമാനം 4ജി സേവനങ്ങളിൽ നിന്നായിരിക്കും.