
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്നും നാളെയുമായി (ജൂലൈ 16, 17) നടക്കും. ജൂലൈ 17, വൈകിട്ട് 4 മണിക്ക് മുൻപായി വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച സ്കൂളുകളിൽ പ്രവേശനം നേടണം.
അലോട്ട്മെന്റ് വിവരങ്ങൾ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ hscap.kerala.gov.in
ൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ വഴി തങ്ങളുടെ അലോട്ട്മെന്റ് നില പരിശോധിക്കാം.
പ്രവേശനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ, വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന ‘അലോട്ട്മെന്റ് ലെറ്ററു’മായി, രക്ഷകർത്താവിനോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം. ആവശ്യമുള്ള ഫീസ് അടച്ച് വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടേണ്ടതാണ്.
മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള (MRS) സപ്ലിമെന്ററി അലോട്ട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്കുള്ള അലോട്ട്മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 18-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.