
കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയുടെ കള്ളങ്ങൾ പൊളിച്ച് പോലീസ്. പണം മറ്റൊരാൾക്ക് കൈമാറിയെന്ന് പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ച പ്രതി, ഷിബിൻലാലുമായി നടത്തിയ തെളിവെടുപ്പിൽ ബാക്കി 39 ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയുടെ വീടിന് സമീപമുള്ള പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു പണം. ഒരു മാസത്തിന് ശേഷമാണ് കവർച്ചാ പണം പൂർണ്ണമായി കണ്ടെത്താനായത്.

ഒരു മാസത്തെ ഒളിച്ചുകളി
ജൂൺ ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണം എടുത്ത് ഇസാഫ് ബാങ്കിൽ പണയം വെക്കാനെന്ന വ്യാജേന, 40 ലക്ഷം രൂപയുമായി എത്തിയ ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച് ഷിബിൻലാൽ പണവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് പാലക്കാട് വെച്ച് ഇയാൾ പിടിയിലായെങ്കിലും, 55,000 രൂപ മാത്രമാണ് അന്ന് കണ്ടെത്താനായത്. ബാക്കി തുക കരിമ്പാല സ്വദേശിയായ ഒരാൾക്ക് കൈമാറിയെന്നായിരുന്നു ഷിബിൻലാൽ പോലീസിന് നൽകിയ മൊഴി.
തുമ്പായത് രഹസ്യവിവരം
പ്രതിയുടെ മൊഴി പൂർണ്ണമായി വിശ്വസിക്കാതിരുന്ന അന്വേഷണ സംഘത്തിന്, കഴിഞ്ഞ ദിവസം ലഭിച്ച ഒരു രഹസ്യവിവരമാണ് കേസിൽ നിർണായകമായത്. വിവിധ ഇടങ്ങളിലായി ഒന്നര കോടിയോളം രൂപ ബാധ്യതയുള്ള ആളാണ് ഷിബിൻ ലാല്‍ ഇതില്‍ 70 ലക്ഷം രൂപയുടെ ബാധ്യതയുള്ള ഒരു സ്ഥാപനത്തില്‍ 30 ലക്ഷം രൂപ നല്‍കിയാല്‍ ബാധ്യത ഒഴിവാക്കുന്നതിനെക്കുറിച്ച് ഒരാള്‍ വഴി ഷിബിൻ ലാല്‍ അന്വേഷിച്ചിരുന്നു. ഇക്കാര്യം പോലീസ് കമ്മീഷണർക്ക് രഹസ്യ വിവരമായി ലഭിച്ചതിനെ തുടർന്നാണ് ഷിബിൻലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ച സ്ഥലം കണ്ടെത്താനായത്.
ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി പറമ്പിലെത്തി തെളിവെടുപ്പ് നടത്തി. പ്ലാസ്റ്റിക് കവറിലാക്കി മണ്ണിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന നോട്ടുകൾ, ഒരു മാസത്തോളം അവിടെ കിടന്നതിനാൽ പൂപ്പൽ പിടിച്ച് നശിച്ചുതുടങ്ങിയിരുന്നു.
കേസിൽ ഷിബിൻലാലിന്റെ ഭാര്യയെയും, ഒളിവിൽ പോകാൻ സഹായിച്ച ബന്ധുവിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.